തൊടുപുഴ: ഇടുക്കി ഡാമില്‍ നിന്ന് വെള്ളം ഒഴുക്കി വിടുന്നതിനായി തുറന്ന ഷട്ടര്‍ അടച്ചു. നീരൊഴുക്ക് കുറഞ്ഞതിനാലാണ് ഷട്ടറടച്ചത്. 

മഴ കനത്തതിനെ തുടര്‍ന്ന് നവംബര്‍ 14ന് ആണ് അണക്കെട്ട് തുറന്നത്. സെക്കന്‍ഡില്‍ 40,000 ലീറ്റര്‍ വെള്ളമാണു പുറത്തേക്ക് ഒഴുക്കിയിരുന്നത്.

മുല്ലപ്പെരിയാര്‍ തുറക്കാനുള്ള സാഹചര്യം കൂടി പരിഗണിച്ചായിരുന്നു ഷട്ടര്‍ ഉയര്‍ത്തിയിരുന്നത്. ചൊവ്വാഴ്ച രാവിലെ 2399.16 അടിയായിരുന്നു ജലനിരപ്പ്. പിന്നീട് ജലനിരപ്പ് കുറഞ്ഞു രാത്രി ഒന്‍പതോടെ 2399.1 അടിയായി. തുടര്‍ന്ന് 9.45-ന് ഷട്ടര്‍ അടയ്ക്കുകയായിരുന്നു. അണക്കെട്ടില്‍ ഇപ്പോഴും റെഡ് അലര്‍ട്ട് തന്നെയാണ്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണ്.

കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് 2018ന് ശേഷം നിരവധി തവണ ഇടുക്കി ഡാം തുറക്കേണ്ട സ്ഥിതി വന്നിരുന്നു. അപ്പര്‍ റൂള്‍കര്‍വ് അനുസരിച്ച് 2400.03 അടിയാണ് ഇടുക്കിയുടെ സംഭരണശേഷി.

Content Highlights: Idukki Dam shutter closed