
2018-ലെ മഹാപ്രളയത്തിൽ ഇടുക്കിഡാമിനുതാെഴ ചെറുതോണി പാലത്തിലെ ഒരു ദൃശ്യം( ഫയൽചിത്രം)
ഇടുക്കി: 2018-ലെ പ്രളയത്തിനുശേഷം ഇടുക്കി ഡാമിന്റെ ഷട്ടര്‍ ഇന്ന് പതിനൊന്ന് മണിയോടെ തുറക്കും. അണക്കെട്ടിന്റെ ചരിത്രത്തില്‍ ഇത് അഞ്ചാം തവണയാണ് തുറക്കാന്‍ പോകുന്നത്. ഇടുക്കി പദ്ധതിയിലെ ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 35 സെന്റീമീറ്റര്‍ വീതമാകും ഉയര്‍ത്തുക. താഴെ പെരിയാര്‍ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്കൊഴുകും.
നിലവില്‍ ഡാമിലെ ജലനിരപ്പ് 2398.02 അടി എത്തി റെഡ് അലേര്‍ട്ട് കടന്നിട്ടുണ്ട്. വെള്ളം നിയന്ത്രിക്കാനുള്ള നിലവിലെ റൂള്‍ കര്‍വ് പ്രകാരം 2397.8 അടി എത്തിയാല്‍ ചുവന്ന ജാഗ്രത പുറപ്പെടുവിക്കണമെന്നാണ്. 2398.86 അടി പരമാവധി സംഭരിക്കാന്‍ അനുമതിയുണ്ടെങ്കിലും ആ അളവില്‍ ജലനിരപ്പ് നിയന്ത്രിച്ചു നിര്‍ത്തണമെങ്കില്‍ ചുവപ്പ് ജാഗ്രത കഴിഞ്ഞാല്‍ ഷട്ടറുകള്‍ തുറക്കണം. ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാമില്‍ മാത്രമേ ഷട്ടര്‍ സംവിധാനമുള്ളൂ. ഇടുക്കി ആര്‍ച്ച് ഡാമിനും കുളമാവ് ഡാമിനും ഷട്ടറുകളില്ല.
മൂന്നുവര്‍ഷത്തിനുശേഷം വീണ്ടുമൊരിക്കല്‍കൂടി ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുമ്പോള്‍ കുറ്റമറ്റ മുന്നൊരുക്കങ്ങളാണ് നടക്കുന്നത്. തെല്ലൊരു ആശങ്കയുണ്ടെങ്കിലും അണക്കെട്ട് വീണ്ടും തുറക്കുന്നതിന്റെ കൗതുകവുമുണ്ട്. വെള്ളമൊഴുകിപ്പോകുന്ന പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇടുക്കി മറന്നിട്ടില്ല ദുരിതത്തിന്റെ ഷട്ടര്‍ തുറന്ന ആ ദിവസങ്ങള്‍
മൂന്നുവര്‍ഷം മുന്‍പ് അവസാനമായി ചെറുതോണി അണക്കെട്ട് തുറന്നത് ദുരിതത്തിലേക്കായിരുന്നു. 2018 ഓഗസ്റ്റ് ഒന്‍പതിനായിരുന്നു അത്. 26 വര്‍ഷത്തിനുശേഷം അന്ന് അണക്കെട്ട് തുറന്നപ്പോള്‍ അഞ്ചുഷട്ടറുകളും ഉയര്‍ത്തി വെള്ളമൊഴുക്കേണ്ടിവന്നു. ഇടുക്കിക്കാര്‍ക്ക് മാത്രമല്ല, താഴെ ഇടുക്കി, എറണാകുളം ജില്ലകളിലായി പെരിയാറിന്റെ ഇരുകരകളിലുമുള്ള നാടുകള്‍ക്കെല്ലാം മറക്കാന്‍ കഴിയാത്ത ദിവസങ്ങളായിരുന്നു പിന്നീട്.
വീണ്ടുമൊരിക്കല്‍കൂടി ഷട്ടറുകള്‍ തുറക്കുമ്പോള്‍ 2018-ലേതിന് സമാനമായ സാഹചര്യമില്ല. വലിയ ആശങ്കകളുമില്ല.
മഴ ശക്തമായതോടെ 2018 ജൂലായ് 30-ന് അണക്കെട്ടിലെ ജലനിരപ്പ് 2395.05 അടിയിലെത്തിയിരുന്നു. തൊട്ടടുത്ത ദിവസങ്ങളില്‍ മഴ കുറഞ്ഞതോടെ ജലനിരപ്പ് 2398 അടിയിലെത്തിയാല്‍ ട്രയല്‍ റണ്‍ നടത്താമെന്നായിരുന്നു തീരുമാനം. എന്നാല്‍, പ്രതീക്ഷകളെയെല്ലാം തെറ്റിച്ചുകൊണ്ട് ഓഗസ്റ്റ് ഏഴുമുതല്‍ മഴ കനത്തു. കൂടാതെ വൃഷ്ടിപ്രദേശത്ത് ഉരുള്‍പൊട്ടലും.