ചെറുതോണി: മഴ പെയ്യുന്നുണ്ടായിരുന്നില്ല. എങ്കിലും വാട്സാപ്പില്‍ മെസേജുകള്‍ വന്നു നിറയുന്നുണ്ടായിരുന്നു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിന്റെ ഔദ്യോഗിക അറിയിപ്പ്. ബുധനാഴ്ച രാവിലെ എട്ടിന് 2395.84 അടിയായിരുന്നു യാത്ര തുടങ്ങുമ്പോള്‍. ആഴ്ചകള്‍ക്കുശേഷം ഇടുക്കിക്കാര്‍ വെയില്‍കണ്ട ദിവസം. ചെറുതോണിയില്‍നിന്നു രാജ്യത്തെ ഏറ്റവും വലിയ ആര്‍ച്ച് ഡാമിന്റെ അടിഭാഗത്തേക്ക്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നു അണക്കെട്ട് പണിയാനെത്തി ഇവിടുത്തുകാരായവരുടെ സമീപത്തേക്ക്. അതുവഴി കുതിരക്കല്ലിലേക്ക്.

ആശുപത്രി കയറിയിറങ്ങുന്നവര്‍

പലര്‍ക്കും വയ്യാതായിരിക്കുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളുമായി ബുദ്ധിമുട്ടുകയാണ് മിക്കവരും. അണക്കെട്ട് നിര്‍മാണസമയത്ത് കമ്പനി ക്വാര്‍ട്ടേഴ്സായിരുന്നിടം ഇപ്പോള്‍ അവരുടെ വീടായിരിക്കുന്നു. കുട്ടികള്‍ പഠിച്ച് വളര്‍ന്ന് പറക്കമുറ്റിയിരിക്കുന്നു. അച്ഛനും അമ്മയും പറഞ്ഞ അണക്കെട്ട് നിര്‍മാണകഥകള്‍ ആദ്യം കേള്‍ക്കാന്‍ ഭാഗ്യം ലഭിച്ചവര്‍ അഭിമാനത്തോടെ സംസാരിച്ചു. അപ്പോഴേക്കും ആശുപത്രിയില്‍നിന്നു മരുന്ന് വാങ്ങിയവരും തിരിച്ചെത്തിക്കൊണ്ടിരുന്നു. ഒട്ടേറെ കുടുംബങ്ങള്‍ ഇവിടെയുണ്ടായിരുന്നെങ്കിലും പലരും പലജോലിയുമായി അടുത്തസ്ഥലത്തേക്ക് മാറിപ്പോയി. യുവത്വം മുഴുവന്‍ ഇടുക്കിക്കായി മാറ്റിവെച്ച് വയസ്സുകാലത്ത് അധികൃതര്‍ തിരിഞ്ഞുനോക്കാത്ത അവര്‍ ഓര്‍മകള്‍ അയവിറക്കി. 'ഫൈനല്‍' (അവസാനഘട്ട) പണിയും കഴിഞ്ഞ് മൂലമറ്റത്ത് മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അഭിമാനത്തോടെ നോക്കിക്കണ്ടതും പറയുമ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍ നിറഞ്ഞു.

ശിവരാമന്റെ ചായക്കട

sivaraman
ശിവരാമന്‍

ചായക്കട നിര്‍ത്തിയിട്ട് വര്‍ഷങ്ങളായെങ്കിലും ശിവരാമന്റെ കടയില്‍ തിരക്കിന് കുറവുണ്ടായിരുന്നില്ല. റാന്നിയില്‍നിന്നു 1966-ല്‍ ഇടുക്കിയിലേക്ക് എത്തിയതാണ് പുളിക്കമണ്ണില്‍ പി.എന്‍.ശിവരാമന്‍. ഭാര്യാസഹോദരന്റെ ഒപ്പമായിരുന്നു ഇവിടേക്ക് എത്തിയത്. കല്യാണശേഷം ഭാര്യ കമലമ്മ ഡിസ്പെന്‍സറിയും ശിവരാമന്റെ ചായക്കടയും തുടങ്ങി. തൊഴിലാളികള്‍ക്ക് ശിവരാമന്‍ വെച്ചുവിളമ്പി. ചായ, കടി, ഊണ്‍ എന്നിവയ്‌ക്കെല്ലാം 10 പൈസയായിരുന്നു വില. പതിനഞ്ചാംപക്കം കൂലികിട്ടുമ്പോള്‍ പണം തരും. എന്‍ജിനീയേഴ്സും ഹിന്ദിക്കാരും എല്ലാം ഭക്ഷണം കഴിക്കാനെത്തും. എല്ലാവരോടും പരിചയം ഉണ്ടായിരുന്നതിനാല്‍ എവിടെയും കയറിച്ചെല്ലാമായിരുന്നു. കുറവനും കുറത്തിമലയ്ക്കും ഇടയില്‍ വലിയ കുഴിയുണ്ടായിരുന്നു. ഇവിടെ തോട്ടയിട്ടും മറ്റും മീന്‍പിടിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓര്‍ത്തെടുക്കുന്നു. ഒരിക്കല്‍ പശുവിനെ തീറ്റിക്കൊണ്ടിരുന്നപ്പോള്‍ രണ്ട് തൊഴിലാളികള്‍ അണക്കെട്ടില്‍നിന്നു താഴേക്ക് വീണ കാഴ്ച മനസ്സില്‍നിന്നു മാറുന്നില്ലെന്ന് ശിവരാമന്‍ പറയുന്നു. അന്ന് കോണ്‍ഗ്രസ് മരിയാപുരം മണ്ഡലം സെക്രട്ടറികൂടിയായിരുന്നു ശിവരാമന്‍. ഹോട്ടല്‍ എവറസ്റ്റ്, ഐലന്റ്, അമ്മാവന്റെ ചായക്കട എന്നീ ചായക്കടകളും അന്നുണ്ടായിരുന്നുവെന്ന് ശിവരാമന്‍ പറയുന്നു.

കമലമ്മയുടെ പ്രസവശുശ്രൂഷ

ശിവരാമന്റെ ഭാര്യയായിരുന്നു വി.എന്‍.കമലമ്മ. സഹോദരന്റെ ഡിസ്പെന്‍സറിയില്‍ സഹായിയായെത്തിയ കമലമ്മ മിഡ് വൈഫറി കോഴ്സ് പാസായിരുന്നു. അണക്കെട്ട് നിര്‍മാണത്തിന് വന്ന തൊഴിലാളികളുടെ മക്കളുടെ പ്രസവം എടുത്തിരുന്നത് കമലമ്മയായിരുന്നു. രാത്രികാലങ്ങളില്‍പോലും കമലമ്മ എല്ലാവരുടെയും സഹായത്തിനായി ഓടിയെത്തുമായിരുന്നു.

അണക്കെട്ടിന്റെ ബന്ധുക്കള്‍

ummer
ഉമ്മർ
aliyar
അലിയാർ

ആലുവ അരുമ്പാശ്ശേരി വീട്ടില്‍നിന്നു ഉമ്മര്‍,അലിയാര്‍,മരയ്ക്കാര്‍ സഹോദരന്മാരും ഇടുക്കിയില്‍ പണിക്കായെത്തി. പൊന്മുടി ഡാം പണിക്കെത്തി കുഞ്ചിത്തണ്ണിയില്‍നിന്നു ഇടുക്കിക്ക് വരികയായിരുന്നു ഇവര്‍. ജാക്യാമര്‍ ഉപയോഗിച്ച് പാറപൊട്ടിക്കുന്നതും മറ്റുമായിരുന്നു പ്രധാനജോലി. ഷിഫ്റ്റ് അനുസരിച്ചുള്ള ജോലിക്ക് അധികപണവും ലഭിച്ചു.

ഇവരും രണ്ട് വീടുകളിലായി ഇപ്പോള്‍ കഴിയുന്നു. കമ്പനിതൊഴിലാളികളായിരുന്ന ഇവര്‍ക്ക് അണക്കെട്ട് ജോലികഴിഞ്ഞ് തുച്ഛമായ പണമാണ് ലഭിച്ചത്. അതിനുശേഷം ഉമ്മര്‍ തടിക്കച്ചവടവും മറ്റുമായി കഴിഞ്ഞു. ഇതിനിടെ അസുഖബാധിതനായി. ഇപ്പോള്‍ ഭാര്യ നബീസ തൊഴിലുറപ്പ് പണിക്കുപോയി കിട്ടുന്നതുകൊണ്ടാണ് കുടുംബം മുന്നോട്ട് കൊണ്ടുപോകുന്നത്. അലിയാര്‍ വനംവകുപ്പില്‍ താത്കാലിക വാച്ചര്‍ ആയി ജോലിചെയ്യുന്നു.

'ഫൈനലും' ആയിരംതോട്ടയും

kunjupanikkar
കുഞ്ഞുപണിക്കന്‍ 

ഓരോ ജോലിക്കും ഓരോ കൂലിയായിരുന്നു. മണ്‍പണി, കല്ല് നീക്കംചെയ്യുക എന്നീ ജോലികള്‍ക്ക് രണ്ടര രൂപയായിരുന്നു കൂലി. പാറപൊട്ടിക്കുന്നതിനായി ജാക്യാമര്‍ ഉപയോഗിച്ചുള്ള ജോലിക്ക് ഒരുദിവസം വിവിധ ഷിഫ്റ്റുകളിലായി 10 രൂപ വരെ ഒപ്പിക്കുമായിരുന്നു. വിദഗ്ധ തൊഴിലുകളും മറ്റും ഹിന്ദിക്കാരായിരുന്നു ചെയ്തത്. രാവിലെ ആറുമുതല്‍ തുടങ്ങുന്ന എട്ടുമണിക്കൂറിന്റെ ഷിഫ്റ്റുകളില്‍ 24 മണിക്കൂറും അണക്കെട്ടിന്റെ ജോലികള്‍ നടന്നിരുന്നു. ശമ്പള വര്‍ധന ആവശ്യപ്പെട്ട് നടന്ന സമരങ്ങളും അണക്കെട്ടിന്റെ ഫൈനലും വികാരനിര്‍ഭരമായിരുന്നെന്നും അവര്‍ പറയുന്നു. ഒരുദിവസം രണ്ടും മൂന്നും ഘട്ടങ്ങളിലായി ആയിരത്തിലേറെ തോട്ടകള്‍ പൊട്ടുമായിരുന്നെന്നും കരുനാഗപ്പള്ളിയില്‍നിന്നു ഇവിടെയെത്തിയ പുത്തന്‍പുരയില്‍ കുഞ്ഞുപണിക്കന്‍ പറയുന്നു.

കുതിരക്കല്ലിലേക്ക്

chinnamma
ചിന്നമ്മ

അണക്കെട്ട് നിര്‍മാണത്തൊഴിലാഴികളെ കണ്ടശേഷം നേരെ പോയത് വെള്ളക്കയത്തേക്കായിരുന്നു. ചെറുതോണി ഡാം ഷട്ടര്‍ തുറന്നാല്‍ ആദ്യം വെള്ളമെത്തുക ഇവിടെയാണ്. അധികൃതര്‍ നോട്ടീസ് നല്‍കിയതിനെത്തുടര്‍ന്ന് വീട്ടിലെ സാധനങ്ങള്‍ അടുക്കിക്കെട്ടി വെയ്ക്കുകയായിരുന്നു കുന്നുംതൊഴുത്തില്‍ വി.ഒ.മൈക്കിളിന്റെ ഭാര്യ ചിന്നമ്മ. ഇവിടെയുള്ള 25-ഓളം കുടുംബങ്ങള്‍ക്ക് നോട്ടീസ് കിട്ടി. മുന്‍പ് ഷട്ടര്‍ തുറന്നപ്പോള്‍ ഇവിടെയൊന്നും വെള്ളംകയറിയിരുന്നില്ല. പെരിയാറിലൂടെ വെള്ളം പരന്നൊഴുകിപ്പോയി. കുറച്ച് കൃഷിനാശം ഉണ്ടായതല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ലെന്നും ചിന്നമ്മ പറയുന്നു. എത്ര കുത്തൊഴുക്കായാലും രണ്ട് മൂന്ന് മണിക്കൂറില്‍ വെള്ളം ഒഴുകിപ്പോകും. അത്രയേയുള്ളൂ.

lalitha
ലളിത

മരിയാപുരം കുതിരക്കല്ല് വെള്ളാലില്‍ ലളിതയ്ക്ക് ഭയം വീടിന് താഴെയുള്ള വിറകുപുര വെള്ളം കൊണ്ടുപോയേക്കുമോയെന്നാണ്. അധികൃതരുടെ നിര്‍ദേശപ്രകാരം വിറകുകള്‍ എടുത്തുമാറ്റി. ആവശ്യമെങ്കില്‍ കുതിരക്കല്ല് സ്‌കൂളില്‍ ആരംഭിക്കാനിരിക്കുന്ന ദുരിതാശ്വാസക്യാമ്പിലേക്ക് കുടുംബസമേതം മാറുമെന്നും അവര്‍ പറയുന്നു. തിരികെ തടിയമ്പാട് ചപ്പാത്ത് വഴി ചെറുതോണിയിലേക്ക് എത്തിയപ്പോഴും അണക്കെട്ടിലെ ജലനിരപ്പ് 2395.96 അടിയെത്തിയതേ ഉണ്ടായിരുന്നുള്ളൂ.