പ്രതീകാത്മകചിത്രം
മലപ്പുറം: ഇടുക്കിയില്‍ കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ച 23കാരന്‍ ജോലി ചെയ്ത മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ഒമ്പത് പേരെ നിരീക്ഷണത്തിലാക്കി. നിലമ്പൂര്‍ ചന്തക്കുന്ന് ശാഖയിലെ ഒമ്പത് ജീവനക്കാരെയാണ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. രോഗം സ്ഥിരീകരിച്ച യുവാവ് മാര്‍ച്ച് 23 ന് നാട്ടിലേക്ക് പോയതാണ്. സ്ഥാപനത്തില്‍ വന്നവരില്‍ നിന്നാണോ അതല്ല പുറത്ത് നിന്നാണോ വൈറസ് ബാധയുണ്ടായത് എന്നത് സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കളക്ഷന്‍ ഏജന്റായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് മറ്റ് ജീവനക്കാരെ നിരീക്ഷണത്തിലാക്കിയത്. ഇവര്‍ക്ക് ആര്‍ക്കും രോഗ ലക്ഷണങ്ങള്‍ ഇപ്പോള്‍ കണ്ടിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. പന്ത്രണ്ട് ജീവനക്കാരാണ് സ്ഥാപനത്തിലുള്ളത്. കോവിഡ് 19 പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയെ റെഡ് സോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളും ജില്ലയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിനിടെ മുംബൈയില്‍ നിന്ന് അനധികൃതമായി മലപ്പുറത്തെത്തിയ ആള്‍ക്ക് വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതോടെ ജില്ല വീണ്ടും ആശങ്കയിലായി. യാത്രാ അനുമതിയില്ലാതെ ചരക്ക് വാഹനത്തിലാണ് ഇയാള്‍ ജില്ലയില്‍ എത്തിയത്. മുംബൈ താനെ ബിവണ്ടിയില്‍ ഇളനീര്‍ മൊത്തക്കച്ചവടക്കാരനായ കാലടി ഒലുവഞ്ചേരി സ്വദേശി ഏപ്രില്‍ 11 ന് രാത്രിയാണ് നാട്ടിലേയ്ക്ക് പുറപ്പെട്ടത്. ലോക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുംബൈയില്‍ നിന്ന് എറണാകുളത്തേയ്ക്ക് പുറപ്പെട്ട ചരക്ക് ലോറിയിലായിരുന്നു യാത്ര. ഏപ്രില്‍ 15 ന് രാത്രി 11 മണിയ്ക്ക് ചമ്രവട്ടം പാലത്തിനടുത്ത് ഇറങ്ങി. അവിടെ നിന്ന് സുഹൃത്തിനൊപ്പം ബൈക്കില്‍ യാത്ര ചെയ്ത് രാത്രി 11.30 ന് വീട്ടിലെത്തി. വീട്ടുകാരുമായി സമ്പര്‍ക്കമില്ലാതെ അടുത്തുള്ള സഹോദരന്റെ വീട്ടില്‍ തനിച്ചായിരുന്നു താമസം.
വിവരമറിഞ്ഞെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ ഏപ്രില്‍ 18 ന് വൈകുന്നേരം അഞ്ച് മണിക്ക് ഇയാളെ എടപ്പാള്‍ വട്ടംകുളത്തുള്ള കോവിഡ് കെയര്‍ സെന്ററില്‍ പ്രത്യേക നിരീക്ഷണത്തിലാക്കി. രോഗ ലക്ഷണങ്ങള്‍ കണ്ടതോടെ ഏപ്രില്‍ 23 ന് വൈകുന്നേരം അഞ്ച് മണിയ്ക്ക് 108 ആംബുലന്‍സില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. 24 ന് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. തുടര്‍ന്ന് ഇന്നലെ ഇയാള്‍ക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
വൈറസ് ബാധ സ്ഥിരീകരിച്ചയാളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ സഹോദരന്‍, മാതാവ്, ബൈക്കില്‍ കൂടെ സഞ്ചരിച്ച സുഹൃത്ത് എന്നിവരെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗബാധിതനൊപ്പം മുംബൈയില്‍ താമസിച്ച് വിവിധ മാര്‍ഗ്ഗങ്ങളിലൂടെ ജില്ലയില്‍ തിരിച്ചെത്തിയ മറ്റ് അഞ്ച് പേരെയും ആരോഗ്യ പ്രവര്‍ത്തകര്‍ കണ്ടെത്തി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലാക്കിയിട്ടുണ്ട്. ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിര്‍ബന്ധമായും സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ഇയാളുടെ റൂട്ട് മാപ്പും പുറത്ത് വീട്ടിട്ടുണ്ട്.
Content Highlights:Idukki covid patiant's co workers in Nilambur also in quarantine
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..