അരിക്കൊമ്പൻ | Photo: Mathrubhumi Library
മൂന്നാര്‍: ചിന്നക്കനാലിലെ അക്രമകാരിയായ അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള ദൗത്യം വിലയിരുത്തുന്നതിനായി ദേവികുളത്ത് ചൊവ്വാഴ്ച യോഗംചേരും. ഡി.എഫ്.ഒ.യുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ ആര്‍.ആര്‍.ടി. തലവന്‍ ഡോ. അരുണ്‍ സക്കറിയ, എ.സി.എഫ്. ഷാന്‍ട്രി ടോം, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കോടതി ഉത്തരവ് അനുകൂലമായാല്‍ ആനയെ പിടികൂടുന്നതിന് ദൗത്യസംഘത്തെ ഏതുരീതിയില്‍ പ്രദേശത്ത് വിന്യസിക്കണമെന്ന് ചര്‍ച്ചചെയ്യും. ദൗത്യത്തിനുവേണ്ടി നാല് കുങ്കിയാനകളും സംഘത്തിലെ മുഴുവന്‍ അംഗങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. ചിന്നക്കനാല്‍ സിമന്റുപാലം ഭാഗത്ത് ആനയെ മയക്കുവെടിവെച്ച് പിടികൂടുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.
ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളും കിഫയും കക്ഷി ചേര്‍ന്നു
രാജാക്കാട്: മയക്കുവെടിവെച്ചു അരികൊമ്പനെ പിടികൂടുന്നതിന് അനുകൂലമായ വിധി സമ്പാദിക്കുന്നതിന്റെ ഭാഗമായി ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകള്‍ മൃഗസ്‌നേഹികള്‍ ഹൈക്കോടതിയില്‍ കൊടുത്ത കേസില്‍ കക്ഷി ചേര്‍ന്നു. 29-നാണ് കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്. വനം വകുപ്പും വിശദമായ രേഖകള്‍ ഗവണ്‍മെന്റ് പ്ലീഡര്‍ക്ക് കൈമാറിയിട്ടുണ്ട്. ഇതില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പ്രദേശത്ത് കൊല്ലപ്പെട്ടവരുടെ വിവരങ്ങളും ഉള്‍കൊള്ളിച്ചിട്ടുണ്ട്. അരികൊമ്പനെ പിടികൂടുന്നതിന് ഹൈക്കോടതി ഏര്‍പ്പെടുത്തിയ വിലക്കില്‍ കര്‍ഷക സംഘടനയായ കിഫയും കക്ഷി ചേരും. ഇതിനായി ജില്ലയില്‍ ഇതുവരെ കാട്ടാന ആക്രമണത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങള്‍ തയ്യാറാക്കുന്നുണ്ട്.
കക്ഷി ചേരാനായി എം.പി.യും
തൊടുപുഴ: അരിക്കൊമ്പന്‍ കേസില്‍ ഡീന്‍ കുര്യാക്കോസ് എം.പി. ഹൈക്കോടതിയില്‍ കക്ഷിചേരുന്നതിന് അപേക്ഷ നല്‍കി. ഇടക്കാല സ്റ്റേ ഹൈക്കോടതി പുറപ്പെടുവിച്ച കേസിലാണ് കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയത്. പീപ്പിള്‍ ഫോര്‍ ആനിമല്‍ ട്രിവാന്‍ഡ്രം ചാപ്റ്റര്‍, വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ ആനിമല്‍ അഡൈ്വസറി എന്നീ സംഘടനകള്‍ ചേര്‍ന്ന് അരിക്കൊമ്പനെ പിടിക്കുന്നതിനെതിരേ ഫയല്‍ ചെയ്തിട്ടുള്ള കേസാണ് ഇത്.
Content Highlights: idukki arikkomban wild elephant
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..