പൈനാവ്/ കോട്ടയം:  ഇന്നലെയും ഇന്നുമായി കോവിഡ് -19 രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായ സാഹചര്യത്തില്‍ കോട്ടയം, ഇടുക്കി ജില്ലകള്‍ റെഡ് സോണില്‍. നിലവിലെ സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ ഏപ്രില്‍ 27-ന് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ മൂന്നു ദിവസത്തേക്ക് കൂടി തുടരുമെന്ന് ജില്ലയുടെ ചുമതലയുള്ള ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ അറിയിച്ചു. 

ഇടുക്കി ജില്ലയിലും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഇടുക്കി ജില്ലയിലെ വണ്ടന്‍മേട്, ഇരട്ടയാര്‍ എന്നീ പഞ്ചായത്തുകളും കോട്ടയം ജില്ലയിലെ അയ്മനം, വെള്ളൂര്‍, അയര്‍ക്കുന്നം, തലയോലപ്പറമ്പ് എന്നീ പഞ്ചായത്തുകളുമാണ് ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. 

മന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗത്തിന്റെ നിര്‍ദേശം പരിഗണിച്ചാണ് കോട്ടയത്ത് നടപ്പിലാക്കേണ്ട നിയന്ത്രണങ്ങള്‍ സംബന്ധിച്ച് തീരുമാനം എടുത്തത്. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നാണ് യോഗം വിലയിരുത്തിയത്. അവശ്യ സേവനങ്ങള്‍ക്കും അടിയന്തര യാത്രകള്‍ക്കും ഭക്ഷ്യവസ്തുക്കളുടെ നിര്‍മാണം, വിതരണം, വില്‍പ്പന എന്നിവയ്ക്കും മാത്രമാകും അനുമതിയുണ്ടാവുകയെന്ന് മന്ത്രിതിലോത്തമന്‍ പറഞ്ഞു.

കോട്ടയം ജില്ലയിലെ നിയന്ത്രണങ്ങളും ഇളവുകളും 

ഹോട്ട്‌സ്‌പോട്ടുകളില്‍ ആശുപത്രികള്‍ ഒഴികെയുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കേണ്ടതില്ല. വാഹനയാത്ര നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രധാന കേന്ദ്രങ്ങളിലെല്ലാം പോലീസ് പരിശോധന ഏര്‍പ്പെടുത്തും. 

രോഗം സ്ഥിരീകരിച്ചവരുടെ വീടുകള്‍ ഉള്‍പ്പെടുന്ന കണ്ടെയ്ന്‍മെന്റ് മേഖലയില്‍ അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രമാണ് അനുമതി. ഈ മേഖലകളില്‍ ആവശ്യമുള്ളവര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.

ജില്ലാ ആശുപത്രിയിലെ കൊറോണ വിഭാഗത്തില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് ദിവസേന വീട്ടില്‍ പോയി വരുന്നതിനു പകരം നഗരത്തില്‍ തന്നെ താമസിക്കുന്നതിന് സൗകര്യം ഏര്‍പ്പെടുത്തും.

പ്രതിരോധ മുന്‍കരുതലുകളുടെ ഭാഗമായി എല്ലാവരും മാസ്‌ക് ധരിക്കണം. കഴുകി പുനരുപയോഗിക്കാവുന്ന തുണി മാസ്‌കുകളാണ് അഭികാമ്യം. ആവശ്യത്തിന് മാസ്‌കുകള്‍ തയ്യാറാക്കുന്നതിനായി ചില ഗ്രാമപഞ്ചായത്തുകള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇത്തരം പദ്ധതി നിര്‍ദേശങ്ങള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

എം.പിമാരായ ജോസ് കെ.മാണി, തോമസ് ചാഴികാടന്‍, കൊടിക്കുന്നില്‍ സുരേഷ്, എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ്, ഡോ. എന്‍.ജയരാജ്, സി.കെ. ആശ, മാണി സി. കാപ്പന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു,മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ഡോ. പി.ആര്‍. സോന, ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, അസിസ്റ്റന്റ് കളക്ടര്‍ ശിഖ സുരേന്ദ്രന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു. 

ഇടുക്കി ജില്ലയിലെ നിയന്ത്രണങ്ങളും ഇളവുകളും

വളരെ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പൊതുജനങ്ങള്‍ വീടുവിട്ട് പുറത്തിറങ്ങുവാന്‍ പാടില്ല. പുറത്തിറങ്ങുന്ന ആളുകള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കേണ്ടതും, സാമൂഹിക അകലം കര്‍ശനമായും പാലിക്കേണ്ടതുമാണ്. 

അവശ്യ ഭക്ഷ്യ വസ്തുക്കള്‍ വില്‍പന നടത്തുന്ന കടകള്‍ രാവിലെ 11 മണി മുതല്‍ വൈകുന്നേരം 5 മണി വരെ മാത്രവും, മെഡിക്കല്‍ ഷോപ്പുകള്‍, പെട്രോള്‍ പമ്പുകള്‍, പാചക വാതകം വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് മുഴുവന്‍  സമയവും പ്രവര്‍ത്തിക്കാവുന്നതാണ്. 

ഹോട്ടലുകള്‍, ബേക്കറികള്‍, തട്ടുകടകള്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ പാടുള്ളതല്ല. 

വളരെ അടിയന്തരമായ ആവശ്യങ്ങള്‍ക്കൊഴികെ വാഹനങ്ങള്‍ നിരത്തിലിറക്കുവാന്‍ പ ാടുള്ളതല്ല. 

മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും, വളരെ അടിയന്തര ആവശ്യങ്ങള്‍ക്കും ഒഴികെ ഇടുക്കി ജില്ലയിലേക്കും പുറത്തേക്കുമുള്ള യാത്രകള്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നു. 

പലവ്യഞ്ജനങ്ങള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, എന്നിവയുടെ ചരക്ക് നീക്കത്തിന് തടസ്സമുണ്ടായിരിക്കുന്നതല്ല. 

അവശ്യ ഭക്ഷ്യ വസ്തുക്കള്‍ ആവശ്യമുള്ളവര്‍ക്ക് സന്നദ്ധ സേവകര്‍ മുഖേന വീടുകളില്‍ നേരിട്ട് എത്തിച്ചു നല്‍കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന നടപടികള്‍ സ്വീകരിക്കുന്നതാണ്. 

ജില്ലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, തോട്ടം മേഖലയിലെ പ്രവര്‍ത്തികള്‍ എന്നിവ നിര്‍ത്തി വയ്‌ക്കേണ്ടതാണ്. 

കോവിഡ് 19-നുമായി ബന്ധപ്പെട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യം, പോലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണം, ഫയര്‍ ആന്റ് റസ്‌ക്യു, സിവില്‍ സപ്ലൈസ് എന്നീ വകുപ്പുകളുടെ ഓഫീസുകളില്‍ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്. മറ്റ് ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കേണ്ടതില്ല. 

content highlight: idukki and kottayam migrated to redzone