ഇടമലയാര്‍ അണക്കെട്ട് തുറന്നു; ജലനിരപ്പിൽ കുറവില്ല


അണക്കെട്ടില്‍നിന്ന് പുറത്തേക്കൊഴുകുന്ന വെള്ളം അഞ്ചുമുതല്‍ ആറു മണിക്കൂര്‍വരെ നേരംകൊണ്ട് ആലുവയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2013-ലാണ് ഇതിനുമുമ്പ് ഇടമലയാര്‍ തുറന്നത്.

കൊച്ചി: ജലനിരപ്പ് പരമാവധി പരിധിയിലെത്തിയതിനെത്തുടര്‍ന്ന് ഇടമലയാര്‍ അണക്കെട്ട് തുറന്നു. രാവിലെ അ‍ഞ്ച് മണിക്ക് രണ്ട് ഷട്ടറുകളാണ് ആദ്യം തുറന്നത്. ആറരയ്ക്ക് മൂന്നാം ഷട്ടറും എട്ടു മണിക്ക് നാലാം ഷട്ടറും തുറന്നു. മൂന്നു ഷട്ടറുകൾ രണ്ട് മീറ്ററും ഒരു ഷട്ടർ ഒരു മീറ്ററുമാണ് തുറന്നത്. പെരിയാറില്‍ ഒന്നരമീറ്റര്‍വരെ ജലനിരപ്പുയര്‍ന്നേക്കാമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം നാലു ഷട്ടറുകളും തുറന്നിട്ടും അണക്കെട്ടിലെ ജലനിരപ്പിൽ കാര്യമായ കുറവുണ്ടായിട്ടില്ല.

അണക്കെട്ടില്‍നിന്ന് പുറത്തേക്കൊഴുകുന്ന വെള്ളം അഞ്ചുമുതല്‍ ആറു മണിക്കൂര്‍വരെ നേരംകൊണ്ട് ആലുവയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2013-ലാണ് ഇതിനുമുമ്പ് ഇടമലയാര്‍ തുറന്നത്.

നേരത്തെ രാവിലെ ആറു മണിക്കാണ് ഡാം തുറക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ രാത്രി ഈ മേഖലയിൽ ശക്തമായ മഴപെയ്തത് ജലനിരപ്പ് 169.95 മീറ്റർ എത്തിയതോടെ അ‍ഞ്ച് മണിക്ക് തന്നെ തുറക്കാൻ തീരുമാനിക്കുകയായിരുന്നു.

ഇടമലയാറിനൊപ്പം ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് അതിവേഗം ഉയരുന്നത് കണക്കിലെടുത്താണ് ഇടമലയാര്‍ അണക്കെട്ട് തുറക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. പെരിയാറില്‍ ഇതുമൂലം ഒന്ന്-ഒന്നര മീറ്റര്‍ ജലനിരപ്പ് ഉയരാന്‍ ഇടയാക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇടുക്കിയില്‍ നിന്നും ഇടമലയാറില്‍ നിന്നും ഒരേസമയം പെരിയാറിലേക്ക് ജലം ഒഴുക്കിവിടുന്നത് വെള്ളപ്പൊക്കത്തിന് ഇടയാക്കും. ഇത് ഒഴിവാക്കാനാണ് ഇടമലയാര്‍ വ്യാഴാഴ്ച രാവിലെ തുറന്നത്. ഇതിനു മുന്നോടിയായി ഭൂതത്താന്‍കെട്ട് ബാരേജിന്റെ 15 ഷട്ടറുകളും 9 മീറ്റര്‍ വീതം ഉയര്‍ത്തി പരമാവധി ജലം ഒഴുക്കിവിടുകയാണ്.

ഓറഞ്ച് അലര്‍ട്ടിനു ശേഷം ജലനിരപ്പ് സാധാരണനിലയിലായതോടെ ഇടുക്കിക്ക് പിന്നാലെ ഇടമലയാര്‍ അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഇല്ലെന്ന പ്രഖ്യാപനത്തിലായിരുന്നു കെ.എസ്.ഇ.ബി. ഇടുക്കി അണക്കെട്ട് തുറന്നാലുണ്ടാകുന്ന പെരിയാറിലെ ക്രമാതീതമായ ജലനിരപ്പ് മുന്നില്‍ക്കണ്ടാണ് ഇടമലയാര്‍ ആദ്യം തുറക്കാനുള്ള ഇപ്പോഴത്തെ തീരുമാനം.

ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെയാണ് ഡാം തുറക്കുന്നതിന് കെ.എസ്.ഇ.ബി. മുന്നറിയിപ്പ് നല്‍കിയത്. രാവിലത്തെ 168.17 മീറ്റര്‍, ഉച്ചയ്ക്ക് ശേഷം 168.65 മീറ്ററിലെത്തിയതോടെയാണ് ഡാം തുറക്കാന്‍ ദ്രുതഗതിയില്‍ തീരുമാനമായത്. 170 മീറ്റര്‍ വരെ ജലം സംഭരിക്കുന്നതിന് ശേഷിയുണ്ട്. 2005-ലും 2013-ലുമാണ് ഇടമലയാര്‍ ഡാം തുറന്നിട്ടുള്ളത്. ഡാം തുറന്നാല്‍ അഞ്ചര-ആറ് മണിക്കൂറ് കൊണ്ട് വെള്ളം ആലുവയിലെത്തും. ഇടമലയാര്‍ ഡാം തുറന്നാല്‍ വടാട്ടുപാറ പലവന്‍വടിയിലൂടെ കുട്ടമ്പുഴ ആനക്കയത്ത് വച്ച് കുട്ടമ്പുഴയാറുമായി ഇടമലയാര്‍ ചേരും. തുടര്‍ന്ന് തട്ടേക്കാടിലൂടെ ഭൂതത്താന്‍കെട്ടിന് ഒരു കിലോമീറ്റര്‍ മുകളില്‍ കൂട്ടിക്കല്‍ ഭാഗത്ത് വച്ച് പെരിയാറുമായി കൂടിച്ചേരും.

ഭൂതത്താന്‍കെട്ട് ബാരേജ് മുതല്‍ ആലുവ വരെ 48 കിലോമീറ്ററാണ്. ഭൂതത്താന്‍കെട്ട്, പാണിയേലി, മലയാറ്റൂര്‍, കാലടി, ആലുവ, പറവൂര്‍ പുറപ്പിള്ളിക്കാവ് ബണ്ടില്‍ വച്ച് പെരിയാര്‍ കായലില്‍ ചേരുന്നത്.

ഇടമലയാര്‍ ഡാം അഞ്ച് വര്‍ഷത്തിന് ശേഷമാണ് വീണ്ടും തുറക്കേണ്ടിവന്നിരിക്കുന്നത്. ഡാമിനു നാലു ഷട്ടറുകളാണുള്ളത്. 37.5 മെഗാവാട്ട് വീതമുള്ള രണ്ട് ജനറേറ്ററുകളും 24 മണിക്കൂറും പ്രവര്‍ത്തനക്ഷമമാണ്. 1.8 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിക്കുന്നുണ്ട്.

അണക്കെട്ട് തുറന്നതിനെത്തുടര്‍ന്ന് എറണാകുളം ജില്ലയിലെ 51 പഞ്ചായത്ത് പ്രദേശങ്ങളില്‍ പ്രളയക്കെടുതിക്ക് സാധ്യത മുന്നില്‍ക്കണ്ട്് ആവശ്യമായ സുരക്ഷാക്രമീകരണം ചെയ്തിട്ടുള്ളതായി അധികൃതര്‍ അറിയിച്ചു. കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളിലും വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. കുട്ടമ്പുഴ ടൗണ്‍, കീരമ്പാറ, കവളങ്ങാട്, പിണ്ടിമന പഞ്ചായത്തുകളിലെ പെരിയാര്‍ തീരപ്രദേശങ്ങളെയുമാണ് വെള്ളപ്പൊക്കം ബാധിക്കുക. ആവശ്യമായി വന്നാല്‍ കോതമംഗലത്ത്്് 10 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷം മുമ്പ് ഇടമലയാര്‍ ഡാം തുറന്നപ്പോള്‍ കോതമംഗലം ടൗണില്‍ ഉള്‍പ്പടെ താലൂക്കിലെ ഒട്ടേറെ പ്രദേശങ്ങള്‍ വെള്ളപ്പൊക്ക കെടുതി നേരിട്ടു. ഇത്തവണ അത്രയും വലിയ പ്രശ്നമുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.

ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. എന്നാല്‍, ഇടമലയാറിലെ ജലനിരപ്പ് താഴ്ന്നശേഷം മാത്രം ഇടുക്കി അണക്കെട്ട് തുറക്കുന്നതിന്റെ ട്രയല്‍ റണ്‍ നടത്തിയാല്‍ മതിയെന്ന് ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചു.

ഇടുക്കിയിലെ ജലനിരപ്പ് 2398 അടിയിലെത്തിയാലും ഇടമലയാറിലെ ജലനിരപ്പ് താഴ്ന്ന ശേഷമേ ട്രയല്‍ റണ്‍ ഉണ്ടാകൂ. പെരിയാര്‍ കവിഞ്ഞൊഴുകി വെള്ളപ്പൊക്ക ഭീഷണി ഉണ്ടാകാതിരിക്കാനാണിത്. മാത്രമല്ല, വെള്ളമൊഴുകിയെത്തുന്ന താഴെയുള്ള ഭൂതത്താന്‍കെട്ട് അണക്കെട്ടിന്റെ ശേഷികൂടി വിലയിരുത്തുമ്പോള്‍ രണ്ട് അണക്കെട്ടുകളും ഒരുമിച്ച് തുറക്കേണ്ടതില്ലെന്നാണ് വിലയിരുത്തല്‍. ട്രയല്‍ റണ്‍ എപ്പോള്‍ വേണമെന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി തീരുമാനിക്കും.

ഇടുക്കിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിക്ക് ജലനിരപ്പ് 2397.90 അടിയായി ഉയര്‍ന്നു. പരമാവധി ജലനിരപ്പ് 2403 അടിയാണ്.

പശ്ചിമഘട്ട മലനിരകളില്‍ കനത്തമഴ ലഭിച്ചതിനെ തുടര്‍ന്ന് പറമ്പിക്കുളം, കേരള ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത് അണക്കെട്ടുകളുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയിട്ടുണ്ട്. ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് മലമ്പുഴ അണക്കെട്ടിന്റെ നാല് ഷട്ടറുകളും തുറന്നിട്ടുണ്ട്.തമിഴ്‌നാട് അപ്പര്‍ ഷോളയാറിന്റെ മൂന്ന് ഷട്ടറുകളും തുറന്നു.

പറമ്പിക്കുളം അണക്കെട്ട് ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കൂടുതല്‍ തുറന്നത്. കേരള ഷോളയാറിലെ ഷട്ടറുകള്‍ ബുധനാഴ്ച ഉച്ചയോടെ ആറടിയാണ് ഉയര്‍ത്തിയിരിക്കുന്നത്.

വാഴച്ചാല്‍ കാടുകളില്‍ കനത്തമഴ ലഭിച്ചതും പറമ്പിക്കുളം അണക്കെട്ടില്‍നിന്ന് കൂടുതല്‍ വെള്ളം ഒഴുകിയെത്തിയതുംമൂലം പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിന്റെ ഷട്ടറുകള്‍ 81 അടിയാക്കി ഉയര്‍ത്തി. ഇതോടെ ചാലക്കുടിപ്പുഴ കരകവിഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022

Most Commented