കൊട്ടാരക്കര: സംഭവബഹുലമാണ് ആര്. ബാലകൃഷ്ണ പിള്ള എന്ന അതികായന്റെ രാഷ്ട്രീയ ജീവിതം. 1985-ല്‍ പഞ്ചാബ് മോഡല്‍ എന്ന പേരില്‍ വിവാദമായ പ്രസംഗത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന ആര്. ബാലകൃഷ്ണപിള്ള അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ പോയ കേരളത്തിലെ ആദ്യത്തെ മന്ത്രിയും കൂടിയാണ്. ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷം തടവുശിക്ഷ അനുഭവിച്ചു അദ്ദേഹം. കാല്നൂണ്ടാണ്ട് നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ 2011ല്‍ കേസില്‍ സുപ്രീം കോടതി തടവു ശിക്ഷക്ക് വിധിച്ചതോടെയായിരുന്നു പിള്ളയുടെ ജയില്‍വാസം.
വി.എസ്. അച്യുതാനന്ദന് നടത്തിയ സമാനതകളില്ലാത്ത നിയമപോരാട്ടത്തിനൊടുവിലായിരുന്നു പിള്ളയുടെ കൈയില്‍ വിലങ്ങ് വീണത്. ബാലകൃഷ്ണപിള്ളയെ വെറുതെ വിട്ട ഹൈക്കോടതി വിധിയ്ക്കെതിരെ വി.എസ്.അച്യുതാനന്ദന് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ബാലകൃഷ്ണ പിള്ള കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സുപ്രീം കോടതി ഒരു വര്‍ഷത്തെ കഠിനതടവും 10000 രൂപ പിഴയും വിധിച്ചു. ബാലകൃഷ്ണ പിള്ളയ്ക്ക് പുറമേ കരാറുകാരന് പി.കെ. സജീവന്, മുന്‍ കെഎസ്ഇബി ചെയര്മാന് രാമഭദ്രന് നായര്‍ എന്നിവരേയും കോടതി ശിക്ഷിച്ചു. മൂന്നുപേര്‍ക്കും ഒരേശിക്ഷ തന്നെയാണ് കോടതി വിധിച്ചത്.
കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. മന്ത്രിസഭയില്‍ വൈദ്യുത മന്ത്രിയായിരുന്ന കാലത്ത് ആര്. ബാലകൃഷ്ണപിള്ള ഇടമലയാര്‍ ജലവൈദ്യുത പദ്ധതിയില്‍ കരാര്‍ കൊടുത്തതില്‍ കൃത്രിമത്വം നടത്തിയെന്നായിരുന്നു ആരോപണം. ഇടമലയാര്‍ ടണല്‍ നിര്‍മാണത്തിനായി നല്കിയ ടെണ്ടറില്‍ ക്രമക്കേടുകള്‍ ഉണ്ടെന്നും മൂന്നുകോടിയില്‍ കൂടുതല്‍ തുക സര്‍ക്കാരിന് നഷ്ടമുണ്ടായെന്നായിരുന്നു വിജിലന്‍സ് കേസിലെ ആരോപണം. ജെസ്റ്റിസ് കെ.സുകുമാരന്‍ കമ്മീഷന്റെ ശുപാര്‍ശയെ തുടര്‍ന്നായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്.
1990 ഡിസംബര്‍ 14ന് പ്രത്യേക വിജിലന്‍സ് സംഘം കൊച്ചിയിലെ ഇടമലയാര്‍ പ്രത്യേക കോടതിയില്‍ കുറ്റപത്രം നല്കി. കേസില്‍ ആകെ 22 പ്രതികള്‍ ഉണ്ടായിരുന്നു. ചില പ്രതികള്‍ മരിച്ചുപോകുകയും ചിലരെ കോടതി ഒഴുവാക്കുകയും ചെയ്തതോടെ പ്രതികളുടെ എണ്ണം 11 ആയി. വിചാരണ ആരംഭിക്കാനും തടസങ്ങളുണ്ടായി. കുറ്റപത്രം റദ്ദാക്കാന്‍ പിള്ള ഉള്‍പ്പെടെയുള്ള പ്രതികള്‍ ഹൈക്കോടതിയും സുപ്രീം കോടതിയും കയറിയിറങ്ങി. പക്ഷേ വിജയിച്ചില്ല. ഒടുവില്‍ 1997ല്‍ കേസിന്റെ വിചാരണ തുടങ്ങി.
വിചാരണ കോടതി ബാലകൃഷ്ണപിള്ള കുറ്റക്കാരനെന്ന് കണ്ടെത്തി. പിള്ളയ്ക്കും മറ്റ് രണ്ട് പേര്‍ക്കും 1999ല്‍ അഞ്ച് വര്‍ഷം ശിക്ഷയും വിധിച്ചു. എന്നാല്‍ 2003 ഒക്ടോബര്‍ 31ന് ഈ വിധി ഹൈക്കോടതി റദ്ദാക്കി. പിള്ളയുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ അപ്പീലും കോടതി തള്ളി. തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കാത്തതിനെ തുടന്ന് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യതാന്ദന്‍ സുപ്രീം കോടതിയെ സമീപിച്ചത്.
എന്നാല്‍ കാലാവധി പൂര്ത്തിയാകുംമുന്പ് അദ്ദേഹം ജയില്‍ മോചിതനായി. കേരളപ്പിറവിയോട് അനുബന്ധിച്ച് ശിക്ഷാ ഇളവ് ലഭിച്ച 138 തടവുകാര്‍ക്കൊപ്പം ശിക്ഷായിളവ് നല്കി ആര് ബാലകൃഷ്ണപ്പിള്ളയെ വിട്ടയക്കുകയായിരുന്നു. 60 ദിവസം മാത്രമായിരുന്നു അദ്ദേഹം ജയിലില്‍ കഴിഞ്ഞത്. 75 ദിവസം പരോളും അദ്ദേഹത്തിന് ലഭിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..