കൊച്ചി: കോവിഡ് സാംപിൾ പരിശോധനയ്ക്കായി കളമശേരി മെഡിക്കൽ കോളേജിൽ സജ്ജീകരിച്ച ആർടിപിസിആർ ലാബിന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) അംഗീകാരം. ഒരു കോടി മുടക്കി ലാബ് സജ്ജീകരിച്ചിട്ടും അ‌ംഗീകാരം ലഭിക്കാത്തതിനാൽ പരിശോധന തുടങ്ങാനാവാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഇന്നുമുതൽ ലാബിൽ സാംപിൾ പരിശോധന ആരംഭിക്കുമെന്ന് അ‌ധികൃതർ അ‌റിയിച്ചു.

നേരത്തേ, ആലപ്പുഴയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ​വൈറോളജിയിലും തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലുമാണ് ജില്ലയിൽ നിന്നുള്ള സാംപിളുകൾ പരിശോധിച്ചിരുന്നത്. ഇത് രോഗനിർണയത്തിന് കാലതാമസമുണ്ടാക്കുന്ന സാഹചര്യത്തിലാണ് ​മെഡിക്കൽ കോളേജിൽ തന്നെ ലാബ് സജ്ജമാക്കിയത്. 

അ‌ന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെ ഉള്ളതിനാൽ ജില്ലയിൽ കൂടുതൽ കോവിഡ് പരിശോധനകൾ നടത്തേണ്ടിവരും. ഈ സാഹചര്യത്തിലാണ് അ‌ടിയന്തിരമായി ലാബ് ഒരുക്കിയതെന്ന് മെഡിക്കൽ കോളേജ് ​മൈക്രോ ബയോളജി വിഭാഗം എച്ച്ഒഡി ഡോ. ജെ.ലാൻസി പറഞ്ഞു. പ്രവാസികളെ തിരികെ കൊണ്ടുവരുമ്പോൾ ഉൾപ്പെടെ കളമശ്ശേരി മെഡിക്കൽ കോളേജിലെ ലാബ് ഏറെ പ്രയോജനം ചെയ്യും.

രണ്ടര മണിക്കൂർ മുതൽ നാലു മണിക്കൂർ വരെ സമയംകൊണ്ട് പരിശോധനാഫലം ലഭിക്കുമെന്നതാണ് പുതിയ ലാബി​ന്റെ മെച്ചം. നേരത്തേ സംപിൾ അ‌യച്ച് ദിവസങ്ങൾ കാത്തിരിക്കേണ്ടിവന്നിരുന്നു. ദിവസം 180 സാംപിളുകൾ വരെ ഇവിടെ പരിശോധിക്കാനാകും.

Content Highlights: icmr permission for covid test lab in kalamassery medical college