ആലപ്പുഴ: ശ്രീറാം വെങ്കിട്ടരാമനെ പോലുള്ളവര്‍ സംസ്ഥാനത്ത് ഇനിയുമുണ്ടെന്ന് മന്ത്രി ജി സുധാകരന്‍. രാത്രിയില്‍ വെള്ളമടിച്ച് വണ്ടിയോടിക്കുന്ന മണ്ടന്മാരാണ് ഇവര്‍. ഐ  എ എസുകാര്‍ ദൈവമല്ല, മനുഷ്യന്മാര്‍ തന്നെയാണെന്നും മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു. ഐ എ എസു കിട്ടുന്നതു കൊണ്ട് മാത്രം ആരും നന്നാകാന്‍ പോകുന്നില്ല. അതൊരു പരീക്ഷ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ ഇടിച്ചാണ്‌ സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം.ബഷീർ മരിച്ചത്. തിരുവനന്തപുരം മ്യൂസിയത്തിന് എതിര്‍വശത്ത് വെച്ചായിരുന്നു അപകടം. സംഭവസമയത്ത് ശ്രീറാം മദ്യലഹരിയിലായിരുന്നു. ശ്രീറാമിനൊപ്പം സുഹൃത്തും മോഡലുമായിരുന്ന വഫാ ഫിറോസും കാറിലുണ്ടായിരുന്നു. ഇവരുടെ കാറാണ് ശ്രീറാം ഓടിച്ചിരുന്നത്. 

വിദേശത്ത് പഠനം പൂര്‍ത്തിയാക്കിയ ശേഷം സര്‍വീസില്‍ തിരികെ കയറുന്നതിന്റെ ഭാഗമായുള്ള പാര്‍ട്ടിയില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു ശ്രീറാം. കേസില്‍ അറസ്റ്റിലായ ശ്രീറാം, നിലവില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 

content highlights: g sudhakaran criticises ias officials