തിരുവനന്തപുരം: പാര്‍ട്ടിയാണ് തന്നെ മന്ത്രിയാക്കിയതെന്നും നന്നായി പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ സംതൃപ്തിയുണ്ടെന്നും കെ.കെ. ശൈലജ. തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അവര്‍. പാര്‍ട്ടി തീരുമാനിച്ചിട്ടാണ് താന്‍ മന്ത്രിയായത്. കഴിയാവുന്നത്ര ഉത്തരവാദിത്തം നിര്‍വഹിച്ചിട്ടുണ്ട്. വളരെ നല്ല പുതിയ ടീം ആണ് വരുന്നത്. അവര്‍ക്ക് വളരെ നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നത്-  ശൈലജ പ്രതികരിച്ചു. 

താന്‍ മന്ത്രിസ്ഥാനത്തുനിന്ന് മാറുന്നത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല. ഇതൊരു സംവിധാനമാണ്, വ്യക്തിയല്ല. ഒരു സംവിധാനമാണ് ഇതെല്ലാം നിര്‍വഹിക്കുന്നത്. ആ സംവിധാനത്തിന്റെ തലപ്പത്ത് താന്‍ ആയിരുന്നപ്പോള്‍ അത് കൈകാര്യം ചെയ്തു. ഞാന്‍ മാത്രമല്ലല്ലോ, മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വലിയൊരു ടീം അല്ലേ അത് കൈകാര്യം ചെയ്തിരുന്നതെന്നും ശൈലജ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് നന്ദി പറഞ്ഞ ശൈലജ, ഇനി വരുന്ന മന്ത്രിസഭയ്ക്കും അതേ പിന്തുണ നല്‍കണമെന്നും അഭ്യര്‍ഥിച്ചു. 

"കോവിഡ് പ്രതിരോധ പ്രവര്‍ത്തനം താന്‍ ഒറ്റയ്ക്ക് നടത്തിയതല്ല. അത് സര്‍ക്കാരിന്റെ പൊതുവായ പ്രവര്‍ത്തനവും ടീം വര്‍ക്കുമാണ്. ഒരുപാട് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനമാണ്‌. ആരോഗ്യ മന്ത്രിയായിരുന്നതു കൊണ്ട് ആ ഉത്തരവാദിത്തം നിറവേറ്റി എന്നതാണ്. പൂര്‍ണ സംതൃപ്തിയാണ് ഉള്ളത്. പാര്‍ട്ടി ഏല്‍പിച്ച ഉത്തരവാദിത്തം കഴിയാവുന്നത്ര നന്നായി നിര്‍വഹിക്കാന്‍ ശ്രമിച്ചു. അതില്‍ സംതൃപ്തിയുണ്ട്. പുതിയ ആളുകള്‍ വരുമ്പോള്‍ അതിനേക്കാള്‍ നന്നായി അത് നിര്‍വഹിക്കുമെന്ന ശുഭപ്രതീക്ഷയാണുള്ളത്." പാര്‍ട്ടി മന്ത്രിയാക്കിയത് കൊണ്ടാണ് തനിക്ക് കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചതെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു. 

മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കിയതില്‍ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനമുണ്ടല്ലോ എന്ന ചോദ്യത്തിന്, ഏത് പ്രശ്‌നമായാലും ഇങ്ങനെയുള്ള അഭിപ്രായപ്രകടനങ്ങള്‍ ഉണ്ടാവുമല്ലോ. അതുകൊണ്ട് അത്തരത്തില്‍ ഒരു അഭിപ്രായപ്രകടനം ഉണ്ടാവേണ്ട കാര്യമില്ലെന്നാണ് കരുതുന്നത് എന്നായിരുന്നു ശൈലജയുടെ പ്രതികരണം. 

content highlights: i was made minister by the party, worked well-kk sailaja responds