തിരുവനന്തപുരം: ആളുകള്‍ നല്ല കാര്യങ്ങള്‍ ചെയ്താല്‍ പ്രശംസിക്കണം. എല്ലാ സമയത്തും കുറ്റം പറഞ്ഞ് കൊണ്ടിരുന്നാല്‍ ആളുകള്‍ നമ്മെ വിശ്വസിക്കാന്‍ പോകുന്നില്ലെന്നും ശശി തരൂര്‍ എംപി. നല്ല കാര്യങ്ങള്‍ ചെയ്യുന്ന ആളുകളെ വ്യക്തിബന്ധത്തില്‍ പ്രശംസിക്കുമ്പോള്‍ രാഷ്ട്രീയത്തിലും എന്തുകൊണ്ട് ആയിക്കൂടാ എന്നും അദ്ദേഹം ചോദിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എപ്പോഴും ദുഷ്ടനായി ചിത്രീകരിക്കേണ്ടതില്ലെന്ന താനടക്കമുള്ള ചില കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു തരൂര്‍. നരേന്ദ്ര മോദി ശരിയായ കാര്യങ്ങള്‍ പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ പ്രശംസിക്കണം. തെറ്റുചെയ്യുന്ന സമയത്തുള്ള വിമര്ശനങ്ങള്ക്കത് വിശ്വാസ്യത കൂട്ടും. ആറുവര്‍ഷമായി ഈ നിലപാടിനുവേണ്ടി വാദിക്കുകയാണെന്നുമായിരുന്നു തരൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. ജയറാം രമേശും മനു അഭിഷേക് സിങ്വിയും സമാനമായ അഭിപ്രായ പ്രകടനം നടത്തിയിരുന്നു.
തന്റെ ഈ പ്രസ്താവനയ്ക്ക് പിന്നാലെ നിരവധി ആളുകള്‍ വിളിച്ചു രാഷ്ട്രീയ മാറ്റത്തിനുള്ള തയ്യാറെടുപ്പാണോ എന്നന്വേഷിച്ചു. എന്നാല്‍ തനിക്ക് യാതൊരു രാഷ്ട്രീയ മാറ്റവും ഇല്ലെന്നാണ് പറയാനുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ഞങ്ങളുടെ പാര്‍ട്ടിക്കകത്തെ അഭിപ്രായ സ്വാതന്ത്ര്യും ജനാധിപത്യവുമാണ് ഇത് കാണിക്കുന്നത്. ഇതെല്ലാം ഞങ്ങളുടെ വ്യക്തിപരമായ അഭിപ്രായമാണ്.
മോദി ചെയ്ത ചില കാര്യങ്ങള്‍ ജനങ്ങളുടെ മനസ്സില്‍ ഇടംനേടിയിട്ടുണ്ട്. അദ്ദേഹം ബിജെപിയുടെ മാത്രമല്ല രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. കുറ്റംപറയാന്‍ നിരവധി കാര്യങ്ങളുണ്ട് എന്നിരിക്കെ തന്നെ നല്ല കാര്യങ്ങള്‍ ചെയ്താല്‍ പ്രശംസിക്കുകയും വേണം. 100-ല്‍ 99 തെറ്റുകള്‍ ചെയ്താലും ഒരു ശരിയുണ്ടെങ്കില്‍ അത് പറഞ്ഞില്ലെങ്കില്‍ ജനങ്ങള്‍ നമ്മുടെ വിശ്വാസ്യത ചോദ്യം ചെയ്യും.
രാജ്യത്തെ നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ ആശങ്കയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പുതിയ തൊഴില്‍ സൃഷ്ടിക്കാത്തത് മാത്രമല്ല ഉള്ള തൊഴില്‍ കളയുന്ന നടപടി കൂടിയാണ് ചെയ്ത് വന്നത്. പ്രതിസന്ധി ഒഴിവാക്കാന്‍ ചില കാര്യങ്ങള്‍ ഇപ്പോള്‍ ചെയ്തിട്ടുണ്ട്. അതിന്റെ പ്രതിഫലനം എത്രത്തോളമുണ്ടെന്ന് നമുക്ക് കാത്തിരുന്ന് കാണാം. നോട്ട് നിരോധനമടക്കം മുന്‍പ് അവര്‍ തന്നെ ചെയ്ത തെറ്റായ കാര്യങ്ങളുടെ പ്രതിഫലനമാണ് പ്രതിസന്ധിക്ക് കാരണമെന്നും ശശി തരൂര്‍ വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..