Photo: Mathrubhumi News
പാലക്കാട്: കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽ നിന്ന് രാജിവെച്ചതിന് ശേഷം പാർട്ടിയിലേക്ക് മടങ്ങുന്നതിന് നേതൃത്വം ഗൗരവമായ ചർച്ച നടത്തിയിട്ടില്ലെന്ന് എ.വി ഗോപിനാഥ്. രാജി പിൻവലിക്കുമോ എന്ന കാര്യം ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും രാജി പാർട്ടി സ്വീകരിച്ചോ എന്ന കാര്യം തനിക്കറിയില്ലെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
കെപിസിസി പട്ടികയിൽ നിന്ന് തന്നെ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി വെട്ടിയതാകാമെന്നും അദ്ദേഹം പറഞ്ഞു. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയാണ് പട്ടിക പ്രഖ്യാപിച്ചത്. ചിലപ്പോൾ കെപിസിസിയിൽ നിന്ന് പേര് കൊടുത്തിട്ട് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയിൽ നിന്ന് വെട്ടിയതാകാം. കോൺഗ്രസിന്റെ പ്രാഥമികാംഗത്വം രാജിവെച്ച ഒരാൾക്ക് ഹൈക്കമാൻഡ് ഭാരവാഹിത്വം തന്നില്ല എന്ന് പറയുന്നത് ബുദ്ധിശൂന്യതയാണ്. തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സോണിയാ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, സോണിയാ ഗാന്ധിയെ ബഹുമാനിക്കുന്ന ഒരാളാണ് താൻ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നിലവിൽ മറ്റൊരു രാഷ്ട്രീയ പാർട്ടിയിലേക്ക് പോകുന്നതുമായി ആലോചിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ കോൺഗ്രസുകാരൻ അല്ലാത്തതിനാൽ പാർട്ടിയെകുറിച്ച് ഒന്നും പറയുന്നില്ല. സുധാകരനുമായി വ്യക്തിപരമായി വളരെ അടുപ്പമുണ്ട്. എന്നാൽ അതൊന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ തീരുമാനത്തിൽ തടസ്സമായി നിൽക്കാൻ പാടില്ല. എന്റെ രാജി സ്വീകരിച്ചിട്ടില്ല എന്ന് സുധാകരൻ പറഞ്ഞത് തനിക്കറിയില്ലെന്നും അങ്ങനെയാണെങ്കിൽ ഒന്നിനും ഒരു തടസ്സവുമില്ലെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിലെ പിസിസി പ്രസിഡന്റ് സിദ്ദു പാർട്ടിയിൽ നിന്ന് രാജിവെച്ചെങ്കിലും അദ്ദേഹത്തിനോട് നേതൃത്വം തുടരാൻ പറഞ്ഞില്ലേ എന്നും ഗോപിനാഥ് ചൂണ്ടിക്കാട്ടി.
പാർട്ടി തന്നോട് വൈരാഗ്യം തീർക്കാൻ വേണ്ടിയാണ് ഇത് ചെയ്യുന്നതെന്ന് തോന്നിയിട്ടില്ല. ബോധപൂർവ്വം തന്നെ ഒഴിവാക്കാൻ ശ്രമിച്ചു എന്നും അഭിപ്രായമില്ല. പ്രത്യേകിച്ച് കെപിസിസി പ്രസിഡന്റ് സുധാകരൻ ആയതുകൊണ്ട്. മറ്റാരെങ്കിലും ആയിരുന്നുവെങ്കിൽ അങ്ങനെ വിശ്വസിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: I can't say when withdraw my resignation - AV Gopinath
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..