വീണാ ജോർജ്| Photo: Mathrubhumi
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷയുടെ പേരിൽ അടപ്പിച്ച എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ഹൈജീൻ റേറ്റിങ് എടുക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഫെബ്രുവരി ഒന്നു മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിനാല്‍ ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പ്പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെല്‍ത്ത് കാര്‍ഡ് എടുക്കണമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
ഭക്ഷണം കൈകാര്യം ചെയ്യുന്നവരിലൂടെ അപകടകാരികളായ വൈറസുകള്‍, ബാക്ടീരിയകള്‍ അടക്കമുള്ള സൂക്ഷ്മ ജീവികള്‍ പകര്‍ന്ന് രോഗമുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജീവനക്കാര്‍ക്ക് പകര്‍ച്ചവ്യാധികള്‍, മുറിവ്, മറ്റ് രോഗങ്ങള്‍ തുടങ്ങിയവ ഇല്ലാത്തവരാണെന്ന് ഉറപ്പാക്കുന്നതിനാണ് മെഡിക്കല്‍ പരിശോധന നടത്തുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവര്‍ക്കെതിരേയും കൈവശം വയ്ക്കുന്നവര്‍ക്കെതിരേയും നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്സ് റഗുലേഷന് പ്രകാരം മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമായി ലഭിക്കുന്ന മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് സ്ഥാപനത്തില്‍ സൂക്ഷിക്കണ്ടതാണ്. ഹെല്‍ത്ത് കാര്‍ഡില്ലാത്ത ജീവനക്കാര്‍ സ്ഥാപനത്തിലുണ്ടെങ്കില് എത്രയും വേഗം ഹെല്‍ത്ത് കാര്‍ഡ് എടുപ്പിക്കണം. അല്ലെങ്കില്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നിയമപരമായ നടപടി സ്വീകരിക്കുന്നതാണ്.
അടപ്പിച്ച സ്ഥാപനങ്ങള്‍ തുറന്നുകൊടുക്കുമ്പോള്‍ മറ്റ് ന്യൂനതകള്‍ പരിഹരിക്കുന്നതിനോടൊപ്പം ജീവനക്കാര്‍ എല്ലാവരും 2 ആഴ്ചയ്ക്കകം ഭക്ഷ്യ സുരക്ഷാ പരീശീലനം (Fostac) നേടണമെന്നും തുറന്ന ശേഷം ഒരു മാസത്തിനകം ഹൈജീന്‍ റേറ്റിംഗിനായി രജിസ്റ്റര്‍ ചെയ്യുമെന്നുമുള്ള സത്യപ്രസ്താവന ഹാജരാക്കേണ്ടി വരും. എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ഹൈജീന്‍ റേറ്റിംഗ് എടുക്കേണ്ടതാണ്.
ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതെങ്ങനെ?
രജിസ്റ്റേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റാണ് ആവശ്യം. എഫ്.എസ്.എസ്.എ.ഐയുടെ വെബ് സൈറ്റില്‍ നിന്നും മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഫോം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഡോക്ടറുടെ നിര്‍ദേശ പ്രകാരം ശാരീരിക പരിശോധന, കാഴ്ചശക്തി പരിശോധന, ത്വക്ക് രോഗങ്ങള്‍, വൃണം, മുറിവ് എന്നിവയുണ്ടോയെന്ന പരിശോധന, വാക്സിനുകളെടുത്തിട്ടുണ്ടോ എന്ന പരിശാധന, പകര്‍ച്ചവ്യാധികളുണ്ടോ എന്നറിയുന്നതിനുള്ള രക്തപരിശോധന ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തണം. സര്‍ട്ടിഫിക്കറ്റില്‍ ഡോക്ടറുടെ ഒപ്പും സീലും ഉണ്ടായിരിക്കണം. ഒരു വര്‍ഷമാണ് ഈ ഹെല്‍ത്ത് കാര്‍ഡിന്റെ കാലാവധി.
Content Highlights: Hygiene rating mandatory for reopening closed hotels in Kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..