ഹൈദരാബാദ്: തയ്യല്‍ക്കാരനായ ഭര്‍ത്താവ് ഇഷ്ടാനുസരണം ബ്ലൗസ് തയ്ച്ചുനല്‍കാത്തതില്‍ മനംനൊന്ത് ഹൈദരാബാദില്‍ യുവതി ജീവനൊടുക്കി. 35കാരിയായ വിജയലക്ഷ്മിയെയാണ് വീട്ടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബ്ലൗസിന്റെ പേരില്‍ ഭര്‍ത്താവുമായി വഴക്കിട്ടതിന് പിന്നാലെയാണ് യുവതി ജീവനൊടുക്കിയത്. 

അംബര്‍പേട്ട് പ്രദേശത്തെ ഗോല്‍നാക തിരുമല നഗറില്‍ ഭര്‍ത്താവ് ശ്രീനിവാസിനും രണ്ട് മക്കള്‍ക്കൊപ്പമായിരുന്നു വിജയലക്ഷ്മിയുടെ താമസം. തയ്യല്‍ക്കാരനായ ശ്രീനിവാസ്‌ കഴിഞ്ഞ ദിവസം ഭാര്യയ്ക്ക് ഒരു ബ്ലൗസ് തയ്ച്ചുനല്‍കിയിരുന്നു. എന്നാല്‍ ഇത് വിജയലക്ഷ്മിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ബ്ലൗസ് മാറ്റി തയ്ച്ചുനല്‍കണമെന്ന ഭാര്യയുടെ ആവശ്യം ശ്രീനിവാസ്‌ നിരസിച്ചു. ഇതേചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമായി. ഇതിനുശേഷം വിജയലക്ഷ്മി മുറിയില്‍ കയറി വാതില്‍ അടയ്ക്കുകയായിന്നു.  

വൈകീട്ട് സ്‌കൂള്‍വിട്ട് കുട്ടികള്‍ തിരിച്ചെത്തിയപ്പോള്‍ മുറിപൂട്ടിയ നിലയിലായിരുന്നു. ഏറെനേരം വിളിച്ചിട്ടും വിജയലക്ഷ്മി വാതില്‍ തുറന്നില്ല. കുട്ടികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തിയ ശ്രീനിവാസ്‌  ബലംപ്രയോഗിച്ച് മുറി തുറന്നപ്പോഴാണ് വിജയലക്ഷ്മിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. മുമ്പും വഴക്കിടുന്ന സമയത്ത് ഭാര്യ മുറിയില്‍ കയറി വാതില്‍ അടയ്ക്കാറുണ്ടെന്നും സംഭവദിവസവും ഇതില്‍ അസ്വഭാവികത തോന്നിയില്ലെന്നും ഭര്‍ത്താവ് മൊഴി നല്‍കിയതായി അബര്‍പേട്ട് ഇന്‍സ്‌പെക്ടര്‍ പി സുധാകര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

content highlights: Hyderabad Woman's Suicide Allegedly After Fight With Husband Over Blouse