ചെങ്ങന്നൂര്‍: ഭാര്യയുടെ കൂടെ താമസിച്ചിരുന്ന യുവാവിനെ വീട്ടിലെത്തി ഭര്‍ത്താവ് വെടിവെച്ചു. ചെങ്ങന്നൂരില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ഇയാള്‍ താമസിക്കുന്ന വീട്ടിലെത്തിയ ഭര്‍ത്താവ് എയര്‍ ഗണ്‍ ഉപയോഗിച്ച് യുവാവിന്റെ തുടയില്‍ വെടിവെക്കുകയായിരുന്നു. 

ദമ്പതിമാരുടെ വിവാഹമോചനത്തിനുള്ള നിയമ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് കോട്ടയം സ്വദേശിയായ ഭര്‍ത്താവ് ചെങ്ങന്നൂരിലെ യുവാവിന്റെ വീട്ടിലെത്തിയത്. ഇയാളുടെ ഭാര്യ യുവാവിനൊപ്പം താമസിച്ചുവരികയായിരുന്നു. 

വീട്ടിലെത്തിയ ഭര്‍ത്താവ് ഭാര്യയും യുവാവുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്നാണ് ആക്രമണത്തിലേക്ക് തിരിഞ്ഞത്. രണ്ടാമത്തെ വെടിയിലാണ് തുടയില്‍ പരിക്കേറ്റത്.

പിന്നീട് യുവാവ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയതോടെയാണ് സംഭവം പുറത്തുവന്നത്. എന്നാല്‍ സംഭവത്തില്‍ പരാതി കിട്ടിയിട്ടില്ലെന്നും കേസെടുത്തിട്ടില്ലെന്നും ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി. ആര്‍. ജോസ് പറഞ്ഞു.

Content Highlights: husband shot his wife's boyfriend at home