കരക്കടിഞ്ഞ സ്രാവ്
തിരുവനന്തപുരം: തുമ്പ കടപ്പുറത്ത് കൂറ്റൻ ഉടുമ്പന്‍ സ്രാവ് കരയ്ക്കടിഞ്ഞു. ജീവനുള്ള സ്രാവായിരുന്നു വല ദേഹത്ത് കുരുങ്ങിയ നിലയിൽ കരക്കടിഞ്ഞത്. പിന്നീട് മത്സ്യത്തൊഴിലാളികൾ സ്രാവിനെ കടലിലേക്ക് തിരിച്ച് വിടാനുള്ള ശ്രമം നടത്തിയെങ്കിലും ചാവുകയായിരുന്നു. ഇതിന് രണ്ട് ടണ്ണോളം ഭാരംവരുമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
ഇന്ന് ഉച്ചക്ക് രണ്ട് മണിയോട് കൂടിയാണ് കൂറ്റൻ സ്രാവ് കരക്കടിഞ്ഞത്. വല ദേഹത്ത് കുരുങ്ങിയ നിലയിലായിരുന്നുവെങ്കിലും ഇത് മീൻപിടിത്തത്തിനിടയിൽ കുരുങ്ങിയതല്ലെന്നാണ് വിവരം. ദേഹത്തുണ്ടായിരുന്ന വല നീക്കിയ ശേഷം സ്രാവിനെ തിരികെ കടലിലേക്ക് അയക്കാൻ മത്സ്യത്തൊഴിലാളികൾ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ചെകിളയിൽ മണൽ കയറിയതിനെ തുടർന്ന് കരയ്ക്കടിഞ്ഞ് അല്‍പംകഴിഞ്ഞ് ചത്തു.
ജീവനോടെ സ്രാവ് കരക്കടിഞ്ഞിരിക്കുന്നത് അപൂർവാണെന്ന് നാട്ടുകാർ പറയുന്നു. നേരത്തെ ചത്ത സ്രാവുകൾ പലയിടങ്ങളിലും കരക്കടിഞ്ഞിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ഒരു സംഭവം അപൂർവമാണെന്ന് മത്സ്യത്തൊഴിലാളികളും പറയുന്നു.
കരയിൽ കുഴിച്ചിടാനായി നാട്ടുകാർ കഠിനംകുളം ഗ്രാമപഞ്ചായത്തിൽ അറിയിച്ചിട്ടുണ്ട്. മണ്ണുമാന്തിയന്ത്രം ഉൾപ്പടെയുള്ള സംവിധാനം ഉണ്ടെങ്കിൽ മാത്രമേ കുഴിച്ചിടാൻ കഴിയുകയുള്ളൂ. നൂറുകണക്കിന് ആളുകൾ കൂറ്റൻ സ്രാവിനെ കാണാനെത്തി.
വല കുടുങ്ങിയതിനാൽ ഉൾക്കടലിൽ പോകാനാകാതെ കരക്കടിഞ്ഞതാകാം എന്നാണ് കരുതുന്നത്.
Content Highlights: Huge Shark washed up on thumba beach
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..