കാക്കനാട്ടെ ഐ.ടി. കമ്പനിയുടെ കെട്ടിടത്തിലുണ്ടായ തീപ്പിടിത്തം | ഫോട്ടോ: ബി.മുരളീകൃഷ്ണൻ/മാതൃഭൂമി
കാക്കനാട്: ഇന്‍ഫോപാര്‍ക്കിന് സമീപം ഐ.ടി. കമ്പനിയുടെ കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം. നാലുനില കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു, ആളപായമില്ല. ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് ഇന്‍ഫോപാര്‍ക്ക് എക്സ്പ്രസ് ഹൈവേയില്‍ ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷന് എതിര്‍വശത്ത് കിന്‍ഫ്രപാര്‍ക്ക് വളപ്പിലുള്ള ജിയോ ഇന്‍ഫോപാര്‍ക്ക് എന്ന ഐ.ടി. കമ്പനിയുടെ കെട്ടിടത്തില്‍ തീപ്പിടിത്തമുണ്ടായത്. ജില്ലയിലെ മുഴുവന്‍ ഫയര്‍ സ്റ്റേഷനുകളിലെയും സമീപ ജില്ലകളിലെ വിവിധ ഫയര്‍സ്റ്റേഷനുകളിലെയും നിരവധി യൂണിറ്റുകള്‍ സ്ഥലത്തെത്തി. റീജണല്‍ ഫയര്‍ ഓഫീസര്‍ ജെ.എസ്. സുജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ മണിക്കൂറുകളോളം പ്രയത്നിച്ചാണ് തീ നിയന്ത്രിച്ചത്.
40 ഓളം ചെറിയ ഐ.ടി കമ്പനികളും ഓഫീസുകളുമായി ആയിരത്തിനടുത്ത് പേര്‍ ജോലി ചെയ്യുന്ന കെട്ടിടമാണിത്. രണ്ടാം ശനിയാഴ്ചയായതിനാല്‍ വിരലിലെണ്ണാവുന്ന ജീവനക്കാരേ ഉണ്ടായിരുന്നുള്ളൂ. തീ പടരാന്‍ തുടങ്ങിയപ്പോള്‍തന്നെ എല്ലാവരും തന്നെ പുറത്തിറങ്ങി.
തീ അണയ്ക്കുന്നതിനിടെ രണ്ടു ജീവനക്കാര്‍ക്കും രണ്ട് അഗ്‌നിരക്ഷാസേനാംഗങ്ങള്‍ക്കും പരിക്കേറ്റു. കിന്‍ഫ്രയുടെ ഭൂമി പാട്ടത്തിനെടുത്താണ് കെട്ടിടം നിര്‍മിച്ചത്. താഴെ നിലയിലുള്ള കാന്റീനിലെ അടുക്കളയില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. സെര്‍വര്‍ മുറിയിലാണ് ആദ്യം തീ ഉണ്ടായതെന്നും സംശയിക്കുന്നു.

പൂര്‍ണമായും ചില്ലിട്ട കെട്ടിടമായതും ഉള്ളില്‍ പ്ലൈവുഡ്, പ്ലാസ്റ്റര്‍ ഓഫ് പാരിസ് തുടങ്ങിയവയുടെ ഭാഗങ്ങള്‍ ഏറെ ഉണ്ടായിരുന്നതും തീ ആളിപ്പടരാന്‍ കാരണമായി. മുകളിലേക്ക് വന്‍തോതില്‍ തീയും പുകയും ഉയര്‍ന്നത് നാട്ടുകാരിലും പരിഭ്രാന്തി പരത്തി. പ്രത്യേക രീതിയില്‍ നിര്‍മിച്ച കെട്ടിടമായതിനാല്‍ അഗ്‌നിരക്ഷാ ദൗത്യവും ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. വലിയ കല്ലുകളെറിഞ്ഞ് ചില്ല് പൊട്ടിച്ചും മറ്റുമാണ് ഉള്‍ഭാഗങ്ങളിലേക്ക് വെള്ളം ചീറ്റിച്ചത്. കെട്ടിടത്തിനകത്തേക്ക് കയറാനും ഉദ്യോഗസ്ഥര്‍ ഏറെ പണിപ്പെട്ടു. ഇതിനിടെ എറണാകുളം ക്ലബ്ബ് റോഡ് ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഷമീറിന് ശ്വാസതടസ്സമുണ്ടായി. തൃക്കാക്കര ഫയര്‍സ്റ്റേഷനിലെ നിസാമിന്റെ വലതു കൈക്കും പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനത്തിനിടെ കെട്ടിടത്തില്‍ ജോലി ചെയ്യുന്ന ഐ.ടി. ജീവനക്കാരായ രമേശ് (26), നിഖില്‍ (27) എന്നിവര്‍ക്കും പരിക്കുപറ്റി. ഇവരെയെല്ലാം ആശുപത്രിയിലേക്ക് മാറ്റി.
കെട്ടിടത്തിലേക്കുള്ള വൈദ്യുതിയെത്തുന്നത് കിന്‍ഫ്രയില്‍ നിന്നാണ്. ഇവിടെ നിന്നെത്തുന്ന വൈദ്യുതിയുടെ ലോഡ് താങ്ങാനുള്ള ശേഷി കെട്ടിടത്തിലെ വയറിങ്ങിനില്ലെന്ന ആക്ഷേപം ജീവനക്കാര്‍ക്കിടയിലുണ്ട്. അമിതലോഡ് മൂലം ഇലക്ട്രിക് ഉപകരണങ്ങള്‍ നശിക്കുന്നത് പതിവാണ്. സമാനരീതിയില്‍ ഉപകരണങ്ങള്‍ വല്ലതും കത്തിയതില്‍ നിന്നാണോ വൈദ്യുതി പടര്‍ന്നതെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. കെട്ടിടത്തിലേക്കുള്ള റോഡ്, പൈപ്പ് ലൈന്‍ നിര്‍മാണത്തിനായി കുത്തിപ്പൊളിച്ചത് അഗ്‌നിരക്ഷാ യൂണിറ്റുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് രാത്രി ഒന്‍പതുമണിയോടെ സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി.
Content Highlights: huge fire at it company building in kakkanad kochi


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..