ഉപതിരഞ്ഞെടുപ്പില്‍ സഹതാപ തരംഗം ഏശുമോ? റേച്ചല്‍ മുതല്‍ ശബരീനാഥന്‍ വരെ ചരിത്രം ഇങ്ങനെ


കെ.പി നിജീഷ് കുമാര്‍

പി.ടി തോമസിന്റെ സഹതാപ തരംഗം ലക്ഷ്യമിട്ട് തന്നെയാണ് ഉമാ തോമസിനെ യു.ഡി.എഫ് മണ്ഡലത്തില്‍ ഇറക്കിയത്

റേച്ചൽ സണ്ണി പനവേലിൽ,ഉമ തോമസ്

കോഴിക്കോട്: തൃക്കാക്കര ഉപതിരഞ്ഞെടുപ്പും ഉമാ തോമസിന്റെ സ്ഥാനാര്‍ഥിത്വവുമാണ് പ്രധാന ചര്‍ച്ചാ വിഷയം. അന്തരിച്ച തൃക്കാക്കര എം.എല്‍.എ പി.ടി തോമസിന്റെ ഭാര്യ ഉമാ തോമസിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് യുഡിഎഫ് മണ്ഡലത്തില്‍ ആദ്യം മുതല്‍ക്ക് തന്നെ കളം നിറഞ്ഞെങ്കിലും പാര്‍ട്ടിക്കുള്ളില്‍ അസ്വാരസ്യങ്ങളും ഉയര്‍ന്ന് വന്നിട്ടുണ്ട്.

പി.ടി തോമസിന്റെ സഹതാപ തരംഗം ലക്ഷ്യമിട്ട് തന്നെയാണ് ഉമാ തോമസിനെ യു.ഡി.എഫ് മണ്ഡലത്തില്‍ ഇറക്കിയത്. പക്ഷെ നൂലില്‍ കെട്ടിയിറക്കിയ സ്ഥാനാര്‍ഥിയാണെന്നും സഹതാപ തരംഗം മണ്ഡലത്തില്‍ വിജയിക്കില്ലെന്നുമുള്ള പതിവ് വിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത്. കുടുംബാധിപത്യമെന്ന് പറഞ്ഞ് വിവാദം കത്തി നിര്‍ത്താന്‍ എതിര്‍പക്ഷവും പരമാവധി ശ്രമിക്കുന്നുണ്ട്. പക്ഷെ ഇത്തരം സഹതാപ തരംഗവും സ്ഥാനാര്‍ഥി പരീക്ഷണവും മുന്‍പും പല മുന്നണികളും കേരള രാഷ്ട്രീയത്തില്‍ പയറ്റിയിട്ടുണ്ട്. ഇതില്‍ മുന്നില്‍ നില്‍ക്കുന്നത് യു.ഡി.എഫ് തന്നെയാണ്. അതില്‍ അവര്‍ പലപ്പോഴും വിജയിച്ചിട്ടുമുണ്ടെന്ന് ചരിത്രം പറയുന്നു. അവരില്‍ ചിലരെ പരിചയപ്പെടാം

1986-ല്‍ റേച്ചല്‍ സണ്ണി പനവേലില്‍


കേരള നിയമസഭയില്‍ ഏറ്റവും കുറഞ്ഞ കാലം എം.എല്‍.എ ആയ വനിതെയെന്നാണ് റേച്ചല്‍ സണ്ണി പനവേലിനെ അറിയപ്പെടുന്നത്. 1986 ല്‍ റാന്നി മണ്ഡലത്തില്‍ നിന്നും ഉപതിരഞ്ഞെടുപ്പിലൂടെ നിയമസഭയില്‍ എത്തിയത് ഭര്‍ത്താവും കോണ്‍ഗ്രസ് എസ് നേതാവുമായിരുന്ന സണ്ണി പനവേലിലിന്റെ ആകസ്മികമായ മരണത്തെ തുടര്‍ന്നാണ്. ഒട്ടും രാഷ്ട്രീയ പരിചയമില്ലാതിരുന്നിട്ടും റേച്ചലിനെ മത്സരിപ്പിച്ചതില്‍ അന്നും വലിയ കോലാഹലങ്ങളുണ്ടായെങ്കിലും സഹതാപ തരംഗം തുണക്കുമെന്ന ഉറച്ച വിശ്വാസമായിരുന്നു അവരുടെ സ്ഥാനാര്‍ഥിത്വത്തിന് പിന്നിലും. അതില്‍ വിജയിക്കുകയും ചെയ്തു. യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന എം.സി ചെറിയാനെ പരാജയപ്പെടുത്തി 623 വോട്ടിന്റെ ഭരിപക്ഷത്തിലായിരുന്നു റേച്ചല്‍ സണ്ണി പനവേലിന്റെ വിജയം. കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഭര്‍ത്താവിന്റെ സീറ്റ് കാക്കാന്‍ ഭാര്യ ഇറങ്ങിയ ആദ്യതിരഞ്ഞെടുപ്പുമായി 1986 ലെ ഉപതിരഞ്ഞെടുപ്പ്. എന്നാല്‍ പിന്നീട് ഒരിക്കലും അവര്‍ മത്സരിച്ചുമില്ല.

1970-ല്‍ ജോണ്‍ മാഞ്ഞൂരാന്‍

കേരള സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പ്രമുഖ നേതാവും എം.എല്‍.എയുമായിരുന്ന മത്തായി മാഞ്ഞൂരാന്റെ മരണത്തെ തുടര്‍ന്നാണ് മാടായി മണ്ഡലത്തില്‍ നിന്ന് സഹോദരന്‍ ജോണ്‍ മാഞ്ഞൂരാന്‍ മുന്നാം നിയമഭയിലേക്ക് ഉപതിരഞ്ഞെടുപ്പിലൂടെ മത്സരിക്കാനെത്തുന്നത്. സി.പി.എം പിന്തുണയോടെയായിരുന്നു മത്സരം. സി.പി.ഐ-കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കാനെത്തിയ കെ.രാഘവനായിരുന്നു എതിരാളി. മത്സരം കനത്തതോടെ ജോണ്‍ മാഞ്ഞൂരാന്‍ മാടായിയില്‍ നിന്ന് 4002 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തു. നാലാം നിയമസഭയില്‍ മണ്ണാര്‍ക്കാട്ട് നിന്നും സി.പി.എം. പ്രതിനിധിയായി മത്സരിച്ച് വിജയിച്ചുവെങ്കിലും അഞ്ചാം നിയമസഭയില്‍ ഇരിങ്ങാലക്കുടയില്‍ നിന്ന് മത്സരിച്ച് സിദ്ധാര്‍ഥന്‍ കാട്ടുങ്ങലിനോട് പരാജയപ്പെട്ടു.

1996-ല്‍ പി.എസ് സുപാല്‍

പുനലൂര്‍ എം.എല്‍.എ ആയിരുന്ന പി.കെ ശ്രീനിവാസന്റെ മരണത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ മകന്‍ പി.എസ് സുപാല്‍ ഉപതിരഞ്ഞെടുപ്പിലൂടെ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 1996-ല്‍ പുനലൂരില്‍ നിന്ന് പി.കെ ശ്രീനിവാസൻ വിജയിച്ചിരുന്നുവെങ്കിലും ഫലം പുറത്ത് വരുന്നതിന് തൊട്ടുമുന്നെ ആകസ്മികമായി മരണപ്പെടുകയായിരുന്നു. മകന്‍ പി.എസ് സുപാല്‍ മത്സരിക്കാനെത്തിയപ്പോള്‍ 21333 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. എതിര്‍ സ്ഥാനാര്‍ഥിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഭാരതീപുരം ശശിക്ക് 44068 വോട്ടും കിട്ടി. 2021-ലും പി.എസ് സുപാല്‍ തന്നെയാണ് പുനലൂര്‍ മണ്ഡലത്തെ പ്രതിനിധികരിച്ചത്.

2003-ല്‍ എലിസബത്ത് മാമന്‍ മത്തായി

ഭര്‍ത്താവിന്റെ സീറ്റ് കാക്കാന്‍ ഭാര്യ തിരഞ്ഞെടുപ്പ് രംഗത്ത് ഇറങ്ങുന്ന കാഴ്ച പിന്നീടുണ്ടായത് തിരുവല്ലയിലാണ്. കേരള കോണ്‍ഗ്രസ്(എം) എം.എല്‍.എ ആയിരുന്ന മാമന്‍ മത്തായിയുടെ മരണത്തെ തുടര്‍ന്നായിരുന്നു എലിസബത്ത് മാമന്‍ മത്തായി മത്സര രംഗത്തെത്തുന്നത്. മൂന്ന് തവണ തിരുവല്ല മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന ഏറെ ജനസമ്മദനായിരുന്ന മാമമന്‍ മത്തായിയുടെ ശരിയായ സഹതാപ വോട്ട് തന്നെ അന്ന് എലിസബത്തിന് കിട്ടി. ജനതാദള്‍ എസ് സ്ഥാനാര്‍ഥിയായിരുന്ന ഡോ.വര്‍ഗീസ് ജോര്‍ജിനെതിരേ 4689 വോട്ടിന്റെ വിജയമായിരുന്നു എലിസബത്ത് മാമന്‍ മത്തായിക്ക്. പിന്നീട് പാര്‍ട്ടി എലിസബത്തിനെ പരിഗണിച്ചില്ലെങ്കിലും രാഷ്ട്രീയ മണ്ഡലത്തില്‍ തന്റേതായ ഇടം കണ്ടെത്താന്‍ എലിസബത്തിന് കഴിഞ്ഞിരുന്നു. 2003-മുതല്‍ 2006 വരെയായിരുന്നു എലിസബത്ത് മാമന്‍ മത്തായി നിയമസഭാംഗമായി ഇരുന്നത്.

2012-ല്‍ അനൂപ് ജേക്കബ്

ടി.എം ജേക്കബിന്റെ മരണത്തെ തുടര്‍ന്ന് മണ്ഡലം കാക്കാന്‍ ആദ്യം യു.ഡി.എഫ് പരിഗണിച്ചത് ടി.എം ജേക്കബിന്റെ ഭാര്യ ഡെയ്സി ജേക്കബിനെയായിരുന്നുവെങ്കിലും അവസാനം നറുക്ക് വീണത് മകന്‍ അനൂപ് ജേക്കബിനായിരുന്നു. പിറവം മണ്ഡലത്തെ ഏറക്കാലം പ്രതിനിധീകരിച്ച ടി.എം ജേക്കബിന്റെ സീറ്റ് മകന്‍ ഇറങ്ങി നിലനിര്‍ത്തിയതും കൃത്യമായ സഹതാപ തരംഗം കൊണ്ട് തന്നെ. 12070 വോട്ടിന്റെ ഭൂരിക്ഷത്തില്‍ വിജയിച്ച അനൂപ് ജേക്കബ് പിന്നീട് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഭക്ഷ്യ വകുപ്പ് മന്ത്രിയായതും ചരിത്രം. പിതാവ് ടി.എം.ജേക്കബിന്റെ 157 വോട്ടിന്റെ ചെറിയ ഭൂരിപക്ഷത്തില്‍ നിന്നാണ് മകന്‍ അനൂപ് ജേക്കബ് കന്നിയങ്കത്തില്‍ തന്നെ വന്‍ ഭൂരിപക്ഷവുമായി പിറവത്തിന്റെ ജനപ്രതിനിധിയായത്. സി.പി.എം സ്ഥാനാര്‍ഥിയായ എം.ജെ ജേക്കബായിരുന്നു എതിരാളി. അദ്ദേഹത്തിന് 70686 വോട്ടാണ് ലഭിച്ചത്.

2015-ല്‍ കെ.എസ് ശബരീനാഥന്‍

സഹതാപ തരംഗത്തില്‍ നിയമസഭ കണ്ട മറ്റൊരു രാഷ്ട്രീയ നേതാവാണ് കെ.എസ് ശബരീനാഥന്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന ജി.കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്നായിരുന്നു ഉപതിരഞ്ഞെടുപ്പില്‍ കെ.എസ് ശബരിനാഥന് നറുക്ക് വീണത്. അരുവിക്കരയില്‍ ആദ്യം പരിഗണിച്ചത് ജി.കാര്‍ത്തികേയന്റെ പത്നി എം.ടി സുലേഖയെ ആയിരുന്നുവെങ്കിലും അവസാനം ശബരീനാഥനിലേക്കെത്തുകയായിരുന്നു. എന്‍ജിനിയറിംഗ് ബിരുദദാരിയായി ടാറ്റയില്‍ ജോലി നോക്കുന്നതിനിടെയാണ് അരുവിക്കരയിലെ മത്സരവും വിജയവുമെല്ലാം. കാര്‍ത്തികേയന്റെ സഹതാപ തരംഗത്തില്‍ 10128 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സി.പി.എം സ്ഥാനാര്‍ഥിയായ എം.വിജയകുമാറിനെ പരാജയപ്പെടുത്തിയത്. തുടര്‍ന്ന് 2016 ലും അരുവിക്കരയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജി.സ്റ്റീഫനോട് 5046 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു.

ചവറ എം.എല്‍.എ ആയിരുന്ന സി.എം.പി നേതാവ് വിജയന്‍ പിള്ളയുടെ മരണ ശേഷം കഴിഞ്ഞ തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച് വിജയിച്ച മകന്‍ സുജിത്ത് വിജയന്‍ പിള്ളയും, തോമസ് ചാണ്ടിയുടെ മരണ ശേഷം കുട്ടനാട് മണ്ഡലം പ്രതിനിധീകരിച്ച് വിജയിച്ച സഹോദരന്‍ തോമസ് കെ തോമസും സഹാതാപ തരംഗത്തിന്റെ പിന്‍തുടര്‍ച്ച തന്നെയായിരുന്നു.

വര്‍ഷങ്ങള്‍ക്കിപ്പുറം ഉമാ തോമസിലൂടെ വീണ്ടും ചരിത്രം അവര്‍ത്തിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പി.ടി തോമസിന്റെ ഭാര്യ എന്നതിലപ്പുറം പറയത്തക്ക രാഷ്ട്രീയ പരിചയമൊന്നുമില്ലെങ്കിലും തികഞ്ഞ ആത്മവിശ്വാസത്തില്‍ തന്നെയാണ് ഉമാ തോമസ്. എല്ലാ വിഭാഗം ആളുകള്‍ക്കും കൃത്യമായ വോട്ട് വിഹിതമുള്ള മണ്ഡലത്തില്‍ സഹതാപ തരംഗം കൊണ്ട് മാത്രം വിജയിക്കാനാകുമോ എന്നത് കണ്ടറിയേണ്ടതാണ്.

Content Highlights: How wave of sympothy affect in Thrikkakara By Election

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023


RAHUL

1 min

'വളരെ ലളിതമായ ചോദ്യം, ആ 20,000 കോടി രൂപ ആരുടേത്..?'; അയോഗ്യനാക്കിയാലും വിടില്ലെന്ന് രാഹുല്‍

Mar 25, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented