കോഴിക്കോട്: ആരെങ്കിലും ഒരു വസ്തു കാണിച്ച് വര്‍ഷങ്ങള്‍ പഴക്കമുള്ള പുരാവസ്തുവാണിതെന്ന് പറഞ്ഞാല്‍ നിങ്ങളത് വിശ്വസിക്കുമോ? ഇത്തരം അവകാശവാദങ്ങള്‍ കണ്ണടച്ച് വിശ്വസിക്കാതെ ആദ്യം ആ പുരാവസ്തുവിന്റെ ആധികാരികത ഉറപ്പിക്കണം. രാജ്യത്ത് പുരാവസ്തുക്കളുടെ ആധികാരികത നിര്‍ണയിച്ച് നല്‍കാനുള്ള അധികാരം കേന്ദ്ര പുരാവസ്തു വകുപ്പിന് (ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ -എ.എസ്.ഐ) മാത്രമാണ്. പുരാവസ്തു നിര്‍ണയ സാക്ഷ്യപത്രമില്ലാതെ ഒരു വസ്തുവും മൂല്യമേറിയ പുരാവസ്തുവാണെന്ന് വിശ്വസിക്കരുതെന്ന് ചുരുക്കം.  

യാതൊരു സര്‍ട്ടിഫിക്കറ്റുമില്ലാതെ വ്യാജമായുണ്ടാക്കിയ വസ്തുക്കളാണ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ പിടിയിലായ മോന്‍സണ്‍ മാവുങ്കലിന്റെ കൈവശമുണ്ടായിരുന്നത്. സര്‍ട്ടിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള ആധികാരിക വിവരങ്ങള്‍ പരിശോധിക്കാതെ പുരാവസ്തുക്കളുടെ കാര്യങ്ങളില്‍ മറ്റുള്ളവരുടെ അവകാശവാദങ്ങള്‍ മാത്രം അന്ധമായി വിശ്വസിച്ച് ആളുകള്‍ വഞ്ചിക്കപ്പെടരുതെന്നും സംസ്ഥാന പുരാവസ്തു എഡ്യൂക്കേഷന്‍ ഓഫീസറും തൃപ്പൂണിത്തുറ ഹില്‍ പാലസിന്റെ ചുമതലയുമുള്ള കെവി ശ്രീനാഥ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. 

വ്യാജ പുരാവസ്തുക്കള്‍ കാണിച്ചുള്ള നിരവധി തട്ടിപ്പുകള്‍ നടക്കുന്നുണ്ടെങ്കിലും ഇത്രവലിയ അളവിലുള്ള തട്ടിപ്പ് കേരളത്തില്‍ ഇതാദ്യമാണ്. 100 വര്‍ഷമെങ്കിലും പഴക്കമുള്ള വസ്തുക്കള്‍ മാത്രമേ പുരാവസ്തുവിന്റെ ഗണത്തിലേക്ക് കേന്ദ്രം പുരാവസ്തു വകുപ്പ് പരിഗണിക്കുകയുള്ളു. വസ്തുവിന്റെ പ്രത്യേകത, ചരിത്രപരമായ പ്രാധാന്യം തുടങ്ങിയവയെല്ലാം പരിശോധിച്ചാണ് ഒരു പുരാവസ്തുവിന് സര്‍ട്ടിഫിക്കറ്റേഷന്‍ അനുവദിക്കുന്നത്. 

ഇന്ത്യയെ പോലുള്ള ഒരു പൗരാണിക രാജ്യത്ത് മിക്കവാറും എല്ലാ വീടുകളിലും അമ്പലങ്ങളിലും ഇത്തരം പഴയ വസ്തുക്കളുണ്ടാകും. പുരാവസ്തുക്കള്‍ പ്രദര്‍ശിപ്പിക്കാനും അവ കൈവശം വയ്ക്കുന്നതിനും രാജ്യത്ത് നിയമതടസമില്ല. അത്തരമൊരു നിയമം ഏര്‍പ്പെടുത്താനും സാധ്യമല്ല. എന്നാല്‍ പുരാവസ്തുക്കള്‍ വാങ്ങാനും വില്‍ക്കാനും പുരാവസ്തു വകുപ്പിന്റെ രജിസ്‌ട്രേഷനും സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്. 

പുരാവസ്തുവിന്റെ പേരില്‍ കൊച്ചിയില്‍ നടന്നത് വഞ്ചനാക്കേസാണ്. വ്യാജമായി പുരാവസ്തുക്കള്‍ നിര്‍മിച്ച് തട്ടിപ്പ് നടത്തുന്ന വഞ്ചനാക്കേസുകളില്‍ പോലീസാണ് നടപടിയെടുക്കേണ്ടത്. പുരാവസ്തുവാണെന്ന് പറഞ്ഞ് നടക്കുന്ന തട്ടിപ്പുകളില്‍ പരാതി ലഭിച്ചാലോ ശ്രദ്ധയില്‍പ്പെട്ടാലോ പുരാവസ്തുവകുപ്പ് നടപടിയെടുക്കാന്‍ പോലീസിനോട് ആവശ്യപ്പെടാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

വില്‍പ്പനയ്ക്ക് സര്‍ട്ടിഫിക്കറ്റ് വേണം

പണം നല്‍കി പുരാവസ്തുക്കള്‍ വില്‍ക്കുന്നതിന് ഇന്ത്യയില്‍ നിയമതടസമില്ല. പുരാവസ്തു വില്‍പ്പന നിരോധിച്ചതായി കേന്ദ്ര-സംസ്ഥാന പുരാവസ്തു വകുപ്പുകള്‍ പറയാത്തിടത്തോളം അവയുടെ വില്‍പ്പന നടക്കും. എന്നാല്‍ ഇവ മറ്റൊരാള്‍ക്ക് വില്‍ക്കണമെങ്കില്‍ ആ പുരാവസ്തുവിന് സര്‍ട്ടിഫിക്കറ്റ് വേണം. കേന്ദ്ര പുരാവസ്തു വകുപ്പാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ നടത്തുന്നത്. കൈവശമുള്ള പുരാവസ്തുവിന് സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ പ്രത്യേക രജിസ്‌ട്രേഷന് അപേക്ഷിക്കണം. വില്‍ക്കുന്ന സമയത്ത് പ്രസ്തുത പുരാവസ്തു വാങ്ങുന്ന ആളുടെ പേരിലേക്ക് മാറ്റിനല്‍കും.  

അപേക്ഷ തീര്‍പ്പാക്കുന്നത് പുരാവസ്തു ഗവേഷകര്‍ ഉള്‍പ്പെട്ട സമിതിയാണ്. തൃശൂരിലെ മേഖലാ ഓഫീസിലാണ് കേരളത്തിലെ മുഴുവന്‍ പുരാവസ്തു രജിസ്‌ട്രേഷന്‍ നടപടികളും നടക്കുന്നത്. നേരത്തെ സംസ്ഥാന പുരാവസ്തു വകുപ്പും ഇതിനുള്ള രജിസ്‌ട്രേഷന്‍ നല്‍കിയിരുന്നു. എന്നാല്‍ പിന്നീടിത് അവസാനിപ്പിച്ചു. കഴിഞ്ഞ 20 വര്‍ഷത്തോളമായി സംസ്ഥാനത്തെ പുരാവസ്തു രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ണമായും കേന്ദ്ര പുരാവസ്തു വകുപ്പിലേക്ക് മാറി. 

രജിസ്‌ട്രേഷന്‍ നടപടികള്‍ എളുപ്പം

മോൺസനു പുറമെ സംസ്ഥാനത്ത് പലയിടത്തും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളത്തിന് പുറമേ നിരവധി സ്വകാര്യ മ്യൂസിയങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. പല വ്യക്തികളും പഴക്കമുള്ളതും അപൂര്‍വമായതുമായ വസ്തുക്കള്‍ തങ്ങളുടെ കയ്യിലുണ്ടെന്ന് അവകാശപ്പെടാറുമുണ്ട്. പക്ഷേ, ഇതില്‍ ഭൂരിഭാഗത്തിനും പുരാവസ്തുവകുപ്പിന്റെ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടില്ലെന്നതാണ് വാസ്തവം.

രജിസ്‌ട്രേഷനായി കൈവശമുള്ള പുരാവസ്തുവിന്റെ ഉറവിടം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പറഞ്ഞ് രേഖാമൂലം അപേക്ഷിക്കണം. മറ്റു തടസങ്ങളൊന്നുമില്ലെങ്കില്‍ കേന്ദ്ര പുരാവസ്തു വകുപ്പ് കമ്മിറ്റി ഇവ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കും. പുരാവസ്തുവാണെന്ന് ബോധ്യപ്പെട്ടാല്‍ വസ്തു പുരാവസ്തുവാണെന്ന് രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് നല്‍കും. മറിച്ച് പുരാവസ്തുവല്ലെങ്കില്‍ അക്കാര്യം രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റും അപേക്ഷകര്‍ക്ക് നല്‍കും. 

പുരാവസ്തുവിന് വിദേശത്തേക്ക് നോ എന്‍ട്രി

കേന്ദ്ര പുരാവസ്തു വകുപ്പിന്റെ പരിശോധനയ്ക്കുശേഷമോ ഒരു വസ്തു പുരാവസ്തുവെന്നോ അല്ലെന്നോയുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുകയുള്ളു. പുരാവസ്തു അല്ലെന്നുള്ള സര്‍ട്ടിഫിക്കറ്റു ലഭിച്ചാലേ കേരളത്തില്‍നിന്നുള്ള കരകൗശല വസ്തുക്കള്‍ വിദേശത്തേക്കു കൊണ്ടുപോകാന്‍ അനുവദിക്കുകയുള്ളൂ. സര്‍ട്ടിഫിക്കറ്റ് ഇല്ലാതെകരകൗശല വസ്തുക്കള്‍ വിദേശത്തേക്ക് കൊണ്ടുപോകാന്‍ പറ്റില്ല. വിമാനത്താവളത്തിലെ പരിശോധനയില്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ചില്ലെങ്കില്‍ യാത്ര തടസപ്പെടും.  

കാലപ്പഴക്കം നിര്‍ണയിക്കല്‍

ജൈവസ്തുക്കളാണെങ്കില്‍ കര്‍ബണ്‍ ഡേറ്റിങ് വഴി അതിന്റെ കാലപ്പഴക്കം നിര്‍ണയിക്കാം. എന്നാല്‍ ലോഹം, കല്ല് എന്നിവയില്‍ ഇത് പ്രായോഗികമല്ല. അവയുടെ നിര്‍മാണത്തിന്റെ സ്വഭാവം, വസ്തുവിന്റെ മതിപ്പ്, അവ ലഭിച്ച സ്ഥലം തുടങ്ങിയവയെല്ലാം പരിശോധിച്ചാണ് ഇത്തരം പുരാവസ്തുക്കളുടെ കാലപ്പഴക്കം നിര്‍ണയിക്കുക. എന്നാല്‍ മോൺസൻ മാവുങ്കല്‍ തട്ടിപ്പിനായി സ്വന്തമായി ഒരു പരിശോധനകനെവെച്ചു വ്യാജമായി പഴമ നിശ്ചയിക്കുകയായിരുന്നു.

Content highlights: how to verify authenticity of an archeology, monson mavunkal