തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് വേണ്ടി വിവിധ കേസുകളില്‍ വാദിക്കാനായി അഭിഭാഷകരെ നിയോഗിച്ച വകയില്‍ ചെലവായ തുകയില്‍ വൈരുധ്യം. അഡ്വക്കേറ്റ് ജനറല്‍ ഓഫിസില്‍ നിന്ന് വിവരവകാശനിയമ പ്രകാരം ലഭിച്ച മറുപടിയില്‍ അഭിഭാഷക ഫീസ് ഇനത്തില്‍ 5.03 കോടിയാണ് സര്‍ക്കാരിന് ചെലവായത്. കെ.പി.സി.സി സെക്രട്ടറി അഡ്വ.സി.ആര്‍ പ്രാണകുമാര്‍ വിവരാവകാശ നിയമപ്രകാരം അഡ്വക്കേറ്റ് ജനറല്‍ ഓഫിസില്‍ നിന്നും ശേഖരിച്ച  വിവരങ്ങള്‍ പ്രകാരം അഭിഭാഷകരുടെ വിമാന യാത്ര,  താമസം, ഭക്ഷണ ചെലവ് എന്നിവയ്ക്കായി 5,03,40,000 രൂപയാണ് ചെലവായത് എന്നാണ് കാണിക്കുന്നത്.

എന്നാല്‍ സമാനമായ ചോദ്യത്തിന് നിയമസഭയില്‍ മന്ത്രി രാജീവ് നല്‍കിയ മറുപടി പ്രകാരം അഭിഭാഷക ഫീസ് 18.97 കോടിയാണ്. കെ.കെ.രമ എംഎല്‍എയുടെ ചോദ്യത്തിനാണ് മന്ത്രി ജൂലൈ 22 ന് നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ 18,97,89,823 രൂപയാണ് ആകെ ചെലവായതെന്ന് പറയുന്നു. 2021 മെയ് 31 വരെയുള്ള കണക്കാണിത്.

ഇതേ കാലയളവിലെ ചോദ്യത്തിനാണ് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസില്‍ നിന്ന്‌ 5.03 കോടിയുടെ കണക്ക് വന്നിരിക്കുന്നത്. അഭിഭാഷകര്‍ക്ക് നല്‍കിയ ഫീസ് ഇനത്തില്‍ ഇത്രയധികം തുകയുടെ വൈരുധ്യം ഉണ്ടായത് സംശയകരമാണ്. മന്ത്രി നിയമസഭയില്‍ പറഞ്ഞത് കണക്കിലെടുത്താല്‍ അഡ്വക്കേറ്റ് ജനറല്‍ ഓഫിസ് കള്ളം പറഞ്ഞുവെന്ന് കണക്കാക്കേണ്ടി വരും. 

അതേസമയം, ഏറെ കോളിളക്കമുണ്ടാക്കിയ പെരിയ കേസിലും ഷുഹൈബ് കേസിലും അഭിഭാഷക ഫീസിനത്തിലും വിമാന, താമസ ഭക്ഷണചെലവിനും വേണ്ടി മുടക്കിയത് 1.77 കോടിയാണെന്ന് അഡ്വക്കേറ്റ് ജനറല്‍ ഓഫിസ് നല്‍കിയ മറുപടിയില്‍ പറയുന്നു. അഡ്വക്കേറ്റ് ജനറല്‍ ഓഫിസ് നല്‍കിയ വിവരത്തിലെ 5.03 കോടിയില്‍ ഏറ്റവും കൂടുതല്‍ ചെലവായത് ഈ കേസുകളിലാണ്.

സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന കണക്കുകളാണിത്. സിപിഎം പ്രവര്‍ത്തകര്‍ പ്രതിസ്ഥാനത്തുള്ള കേസുകളില്‍ പൊതുഖജനാവില്‍ നിന്ന് സര്‍ക്കാര്‍ ചെലവഴിച്ച തുകയാണ് ഇത്.

Content Highlights: How much money are the government spending for hiring advocates