
-
കാവാലം: വൈദ്യുതിക്കമ്പി പൊട്ടി ആറ്റിലേക്ക് വീണ് കുളിച്ചുകൊണ്ടിരുന്ന വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. കാവാലം പാലേടം കളത്തൂര്‍ വീട്ടില്‍ സതീശന്റെ ഭാര്യ അജിത (47) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന മകള്‍ അഞ്ജനയ്ക്ക് അടക്കം മൂന്ന് സ്ത്രീകള്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ജനയുടെ നില ഗുരുതരമാണ്.
ചൊവ്വാഴ്ച വൈകീട്ട് 4.45-ഓടെ പാലേടം ജെട്ടിക്ക് സമീപം കൊപ്പറമ്പ് കടവിലാണ് അപകടമുണ്ടായത്. അജിതയും മകള്‍ അഞ്ജനയും സമീപവാസികളായ തോട്ടായില്‍ ജോബിയുടെ ഭാര്യ ജെസമ്മ, പുതിയവീട്ടില്‍ രാജന്റെ ഭാര്യ ഓമന എന്നിവര്‍ക്കൊപ്പം കടവില്‍ കുളിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ ശക്തമായ കാറ്റില്‍ സമീപത്തുനിന്ന് തെങ്ങ് വൈദ്യുതിക്കമ്പിയിലേക്ക് കടപുഴകുകയും കമ്പിപൊട്ടി ആറ്റിലേക്ക് വീഴുകയുമായിരുന്നു.
ഈ സമയത്ത് കരയ്ക്കുണ്ടായിരുന്ന തച്ചാറയില്‍ സതിയമ്മ വിളിച്ചുകൂവിയതിനെത്തുടര്ന്ന് ഓടിയെത്തിയ നാട്ടുകാരാണ് വൈദ്യുതി ഓഫ് ചെയ്ത് ഇവരെ വെള്ളത്തില്‍നിന്ന് കരയ്ക്കെടുത്തത്.
അജിതയെയും മകള്‍ അഞ്ജനയെയും വെള്ളത്തിനടിയില്‍നിന്നാണ് നാട്ടുകാര്‍ കണ്ടെടുത്തത്.
തുടര്‍ന്ന് കാവാലത്തെ സ്വകാര്യ ക്ലിനിക്കിലെത്തിച്ചെങ്കിലും അജിതയുടെ ജീവന് രക്ഷിക്കാനായില്ല.
അഞ്ജനയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ജെസമ്മയെ ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അജിതയുടെ മൃതദേഹം ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. മകന്: അഖില്‍.
Content Highlight: Housewife died after power line down
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..