കൊല്ലം: കൊല്ലം ശൂരനാട്ട് കെ.എസ്.ആര്‍.ടി.സി ബസിനടിയില്‍പ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മേരിക്കുട്ടി എന്ന വീട്ടമ്മയാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ ഇവരെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

വെണ്‍മണിയിലുള്ള കുടുംബവീട്ടിലേക്ക് മകന്‍ സിബിനൊപ്പം യാത്ര ചെയ്യുമ്പോഴാണ് ശൂരനാട്ടുവെച്ച് അപകടമുണ്ടായത്. ഇരുചക്രവാഹനത്തില്‍ മകനൊപ്പം യാത്ര ചെയ്യുന്നതിനിടെ ബൈക്ക് റോഡില്‍നിന്ന് തെന്നിമാറുകയും മറിയുകയുമായിരുന്നു. തുടർന്ന് മേരിക്കുട്ടി റോഡിലേക്ക് തെറിച്ചുവീണു. പിന്നാലെ വന്ന ബസ് ഇവരുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയും മരണം സംഭവിക്കുകയുമായിരുന്നു.

ബസ് ഇടിച്ച് വീട്ടമ്മ മരിച്ചു എന്ന തരത്തിലാണ് ആദ്യം വാര്‍ത്തകള്‍ പുറത്ത് വന്നത്. ഇതേത്തുടര്‍ന്ന് പൊലീസ് ബസ് കസ്റ്റഡിയിലെടുക്കുകയും ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സംഭവത്തിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നതോടെയാണ് അപകടം സംബന്ധിച്ച് കാര്യങ്ങള്‍ വ്യക്തമായത്.

ഫോറന്‍സിക് വിദഗ്ധരും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.

Content Highlights: House wife died in an accident met with KSRTC bus