കൊക്കയാര്‍:  സുഹൃത്തുക്കളെ സന്ദര്‍ശിക്കാന്‍ കുടുംബസമേതം കൊച്ചിയില്‍ പോയതാണ് കൊക്കയാര്‍ മാപ്പുച്ചിമറ്റത്ത് മറ്റത്തുപടീഷയില്‍ മാത്യു ഉമ്മന്‍. ശനിയാഴ്ച 10.30 ഓടെ പ്രകൃതി ദുരന്തത്തിന്റെ വിവരം അറിയിച്ചുകൊണ്ട് ബന്ധുവിന്റെ ഫോണ്‍ വിളിയെത്തി. തിരികെയെത്തിയപ്പോള്‍ വീടിരുന്ന സ്ഥാനത്ത് കല്ലുപോലും ശേഷിച്ചിട്ടില്ല. ഭാര്യ ജിഷ, മാത്യുവിന്റെ പ്രായമായ അച്ഛനെയും അമ്മയെയുമാണ് ഉടന്‍ അന്വേഷിച്ചത്. 

mathews house
മാത്യുവിന്റെ വീട് ഉരുള്‍പൊട്ടലില്‍ തകരുന്നതിന് മുമ്പ്.

വലിയ ശബ്ദത്തോടെ പാറക്കൂട്ടവും മരങ്ങളും ഒഴുകിവരുന്നതുകണ്ട് സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ബന്ധു രക്ഷപെടുത്തുകയായിരുന്നു എന്ന മറുപടിയാണ് അവരില്‍ നിന്ന് ലഭിച്ചത്. മാതാപിതാക്കള്‍ സുരക്ഷിതരായതിന്റെ ആശ്വാസമുണ്ടെങ്കിലും അപകടത്തില്‍ അയല്‍വാസികളെ കാണാതായത് ഏറെ വിഷമിപ്പിച്ചു.

landslide
മാത്യുവിന്റെ വീടിരുന്ന സ്ഥലം ഉരുളെടുത്തപ്പോള്‍ ഒഴുകിവന്ന ഓട്ടോറിക്ഷകളും കാണാം

വീട്ടില്‍ കളിക്കാന്‍ വരാറുണ്ടായിരുന്ന അയലത്തെ കുഞ്ഞുങ്ങളെയുള്‍പ്പെടെ കണ്ടെത്താനായിട്ടില്ല. 18 വര്‍ഷം മുമ്പാണ് വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. ആയുസ്സിന്റെ സമ്പാദ്യമായ വീട് നഷ്ടമായതോടെ ബന്ധുവീട്ടില്‍ അഭയംതേടി. കൂവപ്പള്ളി ടെക്‌നിക്കല്‍ സ്‌കൂളിലെ ജീവനക്കാരനാണ് മാത്യു. ഉള്ളതെല്ലാം നഷ്ടപ്പെട്ടെങ്കിലും ജീവന്‍ തിരിച്ചുകിട്ടിയത് ആശ്വസമായെന്ന് ഭാര്യ ജിഷ മാത്യുവും മക്കളായ ആഷിഷ് ജോഷ്വ എന്നിവരും പറയുന്നു.