കോഴിക്കോട്: പെരുവയലില്‍ നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്ന് വീണു. തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ ഒന്‍പത് തൊഴിലാളികളെ രക്ഷപ്പെടുത്തി. പെരുവയല്‍ പെരിയങ്ങട്ട് തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് അപകടമുണ്ടായത്. 

വെണ്‍മാറയില്‍ അരുണ്‍ എന്നയാളുടെ വീട് പണി നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രണ്ടാം നില കെട്ടുന്നതിനിടെ കെട്ടിടം തകര്‍ന്ന് വീഴുകയായിരുന്നു. സംഭവസമയത്ത് ഒമ്പത് തൊഴിലാളികളാണ് ഉണ്ടായിരുന്നത്. 

രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി കോണ്‍ക്രീറ്റ് സ്ലാബിനുള്ളില്‍ കുടങ്ങിയവരെ രക്ഷപ്പെടുത്തുകയായിരുന്നു. രക്ഷപ്പെടുത്തിയ തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി.

Content Highlights: House under construction collapsed in Kozhikode