തിരുവനന്തപുരം: ഹോട്ടലുകളിലെ ഭക്ഷണ സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ ബില്‍ ചെറുകിട ഹോട്ടലുകളെ പൂട്ടിക്കാന്‍ വേണ്ടിയാണെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
വന്‍കിട ഹോട്ടലുകളെയും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഹോട്ടലുകളെയും കാന്റീനുകളെയും ബില്ലില്‍ ഒഴിവാക്കി. ഇത് വലിയ വിവേചനമാണ്.
 
ഹോട്ടല്‍ മേഖലയുമായി ബന്ധപ്പെട്ട് ഏതൊരു പരിചയവുമില്ലാത്തവരും ചില ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ബില്‍ തയ്യാറാക്കിയിരിക്കുന്നത്. അവരുടെ താത്പര്യമാണ് ഇതിന് പിന്നില്‍. ബില്ലുമായി മുന്നോട്ടുപോകാനാണ് തീരുമാനമെങ്കില്‍ ഹോട്ടല്‍ മേഖലയുമായി ബന്ധപ്പെട്ട മറ്റ് സംഘടനകളുമായി ചേര്‍ന്ന് ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ അസോസിയേഷന്‍ ഭാരവാഹികളായ സുധീഷ് കുമാര്‍, മൊയ്തീന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.