ആലപ്പുഴ: സംസ്ഥാനത്തെ ഹോട്ടലുകളില്‍ ഭക്ഷണ വില 13 ശതമാനത്തോളം വര്‍ധിക്കും. ജിഎസ്ടി പ്രകാരം 18 ശതമാനം വരെ നികുതി വര്‍ധിക്കുന്നതോടെയാണ് ഇങ്ങനെ വിലവര്‍ധനയുണ്ടാവുക. വ്യാപാരി വ്യവസായികളുമായും ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികളുമായും ധനമന്ത്രി തോമസ് ഐസക് നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്.

സര്‍ക്കാരുമായും ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷനുമായും ഉണ്ടാക്കിയ ധാരണ പ്രകാരം എസി ഹോട്ടലുകളില്‍ എട്ട് ശതമാനവും അല്ലാത്തവയില്‍ അഞ്ച് ശതമാനവും നിരക്ക് കുറയ്ക്കാന്‍ തീരുമാനമായിട്ടുണ്ട്. എന്നാല്‍ 18 ശതമാനം വരെ ജിഎസ്ടി കൂടിചേര്‍ക്കുമ്പോള്‍ ഹോട്ടല്‍ ഭക്ഷണത്തില്‍ വില കൂടുമെന്നും മന്ത്രി വ്യക്തമാക്കി. 

ജിഎസ്ടിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി 11-ാം തീയതി ആഹ്വാനം ചെയ്തിരിക്കുന്ന കടയടച്ചുള്ള സമരത്തില്‍നിന്ന് പിന്‍മാറണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ബില്ലിലുള്ള തെറ്റുകള്‍ പരിഹരിക്കുക എന്നതല്ലാതി വ്യാപാരികളില്‍നിന്ന് ഒരു തരത്തിലുള്ള പിഴയും ഈടാക്കില്ലെന്നും മന്ത്രി ഉറപ്പുനല്‍കി. 

അതേസമയം, ഇറച്ചിക്കോഴിയ്ക്ക് 87 രൂപയാക്കി വില നിശ്ചയിച്ച നടപടികള്‍ക്കെതിരെ കോഴി വ്യാപാരികള്‍ സമരത്തിനൊരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്. ഈ വിഷയത്തില്‍ സര്‍ക്കാരുമായി വീണ്ടും ചര്‍ച്ച നടത്തുമെന്നും നഷ്ടം സഹിക്കാന്‍ തയ്യാറല്ലെന്നും കേരള പൗള്‍ട്രി ഫെഡറേഷന്‍ വ്യക്തമാക്കി.