തിരുവനന്തപുരം: പീരുമേട് ഹോപ്പ് പ്ലാന്റേഷന് മിച്ച ഭൂമി പതിച്ചു നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ റദ്ദാക്കി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. ഹോപ്പ് പാന്റേഷന് ഭൂമി നല്‍കിയാല്‍ മറ്റു പ്ലാന്റേഷനുകള്‍ക്കും സമാനമായി രീതിയില്‍ ആവശ്യം ഉന്നയിക്കാന്‍ കഴിയുമെന്നും എല്ലാവര്‍ക്കും ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാവുമെന്നും മനസിലാക്കിയാണ് തീരുമാനം. ഭൂമി നല്‍കുന്നതിനെതിരെ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ പ്രതിഷേധവും തീരുമാനത്തില്‍ നിര്‍ണായകമായി. 

പീരുമേട്ടിലെ ഹോപ്പ് പ്ലാന്റേഷന്‍ കമ്പനിക്ക് 750 ഏക്കര്‍ ഭൂമിയായിരുന്നു സര്‍ക്കാര്‍ കൈമാറിയത്. ഭൂമി കേരളം പദ്ധതിയില്‍ പീരുമേട് താലുക്കില്‍ മാത്രം അനേകം പേര്‍ ഭൂമിക്കായി നല്‍കിയ അപേക്ഷകള്‍ കുന്നുകൂടികിടക്കുമ്പോള്‍ സര്‍ക്കാര്‍ എടുത്ത നടപടി വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. അവസാന നാളുകളില്‍ യു.ഡി.എഫ് സര്‍ക്കാര്‍ പൊതുമുതല്‍ വിറ്റുതുലക്കുകയാണെന്ന് പ്രതിപക്ഷവും ആരോപണമുയര്‍ത്തി. 

പീരുമേട്ടില്‍ സോണിയാ ഗാന്ധി വന്ന് ഉത്ഘാടനം ചെയ്ത ഭൂമി കേരളം പദ്ധതി പ്രകാരം ആയിരത്തിലധികം പേര്‍ക്ക് ഭൂമി നല്‍കിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും ലഭിച്ചത് കടലാസു മാത്രമാണെന്ന് ചിലര്‍ പരാതി പറഞ്ഞിരുന്നു. ആര്‍ക്കും ഭൂമി അളന്നു നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. അങ്ങനയുള്ള അവസരത്തില്‍ വമ്പന്‍മാര്‍ക്ക് ഭൂമി നല്‍കുന്നതിനെതിരെ ഉയര്‍ന്ന പ്രതിഷേധവും സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഫലിച്ചു. 


കരുണക്ക് പിന്നാലെ ഹോപ് പ്ലാന്റേഷനും; കോണ്‍ഗ്രസില്‍ വീണ്ടും ഭൂമിവിവാദം