രാജന്റെ മൃതദേഹവുമായി രക്ഷാപ്രവർത്തകർ കാടാശ്ശേരിയിലേക്കുള്ള യാത്രയിൽ, ഇൻസൈറ്റിൽ രാജൻ
വടുവൻചാൽ: ആ കാട്ടിലെ വൻമരങ്ങളിലെല്ലാം സ്ഥിരം സന്ദർശകരായിരുന്നു അവർ. കണ്ണെത്താത്തത്ര ഉയരമുള്ള കൂറ്റൻമരത്തിന്റെ ശിഖരങ്ങളിൽ ജീവിതമാർഗംതേടി കയറിയെത്തുന്നവർ. അഷ്ടിക്ക് വകതേടിയിറങ്ങിയ രാജനും സംഘവും പക്ഷേ, കലക്കൻപുഴയുടെ ഓരത്തെ ചീനിമരത്തിനുതാഴെ സങ്കടക്കാഴ്ചയായി.
വയനാട്-നിലമ്പൂർ വനമേഖലയിൽ സ്ഥിരമായി തേൻ ശേഖരിച്ചാണ് പരപ്പൻപാറയിലെ 12 കുടുംബങ്ങൾ ഇന്നും പുലരുന്നത്. ഇടയ്ക്കിടെ കുടുംബാംഗങ്ങൾ ഒന്നടങ്കം തേൻശേഖരിക്കാനിറങ്ങും. കലക്കൻപുഴയുടെ ഓരത്തുള്ള പടുകൂറ്റൻ ചീനിമരമായിരുന്നു ഇക്കുറി അവരുടെ ഉന്നം. നല്ല ഉയരവും ഒത്ത വണ്ണവുമുള്ള മരത്തിന്റെ ചില്ലയിലെ തേനടയായിരുന്നു ലക്ഷ്യം. സ്ത്രീകളും കുട്ടികളുമടക്കം എട്ടുപേരുടെ സംഘമായിരുന്നു അവർ. നിലമ്പൂർ വനമേഖലയിലെ കുമ്പളപ്പാറ കോളനിയിൽനിന്ന് വിരുന്നെത്തിയ രാജന്റെ ബന്ധുക്കളും ഇവർക്കൊപ്പം ചേർന്നു. ശനിയാഴ്ച രാത്രിയിലാണ് ഇവർ തേൻ ശേഖരിക്കാനിറങ്ങിയത്. മൂന്ന് ഏണികൾ ഒന്നിനുമുകളിലൊന്നായി കെട്ടിവെച്ച് രാജൻ തേനെടുക്കാൻ കയറി. ലക്ഷ്യം പൂർത്തിയാക്കി തിരികെയിറങ്ങുമ്പോഴാണ് ഏണി വഴുതി രാജൻ നിലത്തുവീഴുന്നത്.
ആ സംഭവത്തിനുശേഷം തേനീച്ചക്കൂടിളകി. അപകടമറിഞ്ഞ് ഒപ്പമുണ്ടായിരുന്നവർ തലങ്ങും വിലങ്ങുമോടി. പാറക്കെട്ടുകളും മുൾക്കാടുകളും നിറഞ്ഞ വഴിയിൽ ഓടുന്നതിനിടെ സ്ത്രീയുടെ കൈയിൽനിന്ന് പിഞ്ചുകുഞ്ഞ് തെറിച്ച് പുഴയിൽവീണു. വേനൽമഴയിൽ നിറഞ്ഞൊഴുകുന്ന പുഴയിൽ കൂറ്റാക്കൂരിരുട്ടത്ത് പുലരുവോളം അവരതിനെ തിരഞ്ഞു. സംഭവം പുറംലോകമറിഞ്ഞ് രക്ഷാപ്രവർത്തകർ കലക്കൻപുഴയുടെ തീരത്തെത്തുമ്പോൾ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി കാടിന്റെ മക്കൾ കാത്തിരിക്കുന്നുണ്ടായിരുന്നു. അഗ്നിരക്ഷാസേനാഗംങ്ങളും വനംവകുപ്പ് ജീവനക്കാരും പോലീസും സന്നദ്ധപ്രവർത്തകരും നാട്ടുകാരും കൊടുംകാട്ടിലൂടെ അഞ്ചുകിലോമീറ്റർ നടന്നാണ് സംഭവസ്ഥലത്തെത്തിയത്. ഏണി തെന്നിമാറിയ നിലയിലായിരുന്നു. കലിപൂണ്ട തേനീച്ചകൾ സംഘത്തിലെ ചിലരെ കുത്തി. നാലുമണിക്കൂർകൊണ്ടാണ് മൃതദേഹവുമായി സംഘം കാടാശ്ശേരിയിലെത്തിയത്.

ദുർമരണങ്ങളുടെ താഴ്‌വര
ഘോരവനത്തിനുള്ളിൽ അല്ലലില്ലാതെ കഴിഞ്ഞിരുന്ന ചോലനായ്ക്കർ മരിച്ചുതീരുകയാണ്. കാടിനു വെളിയിൽവരാൻ ഇഷ്ടപ്പെടാത്ത ഗോത്രജനത ഇന്ന് കഷ്ടതകളുടെ നടുവിലാണ്. പുറംലോകവുമായി ബന്ധപ്പെടാൻ തീരെയിഷ്ടമില്ലാത്ത ഗുഹാവാസികളുടേത് പലതും ദുർമരണങ്ങൾ. പരപ്പൻപാറ കോളനിയിൽനിന്ന് പുറംലോകവുമായി ബന്ധമുണ്ടായിരുന്നവരിൽ ഒരാളാണ് ഞായറാഴ്ച മരിച്ച രാജൻ. പരപ്പൻപാറ കോളനിയിലെ മൂപ്പനായിരുന്ന വലിയവെളുത്തയുടെ മകൻ. രണ്ടുവർഷംമുമ്പാണ് പ്രായാധിക്യംമൂലം വലിയവെളുത്ത മരിച്ചത്.
അതിനുശേഷം വലിയവെളുത്തയുടെ മറ്റൊരു മകൻ ബാബു തേൻ ശേഖരിക്കുന്നിനിടെ പാറയിൽ തലയടിച്ചുവീണ് മരിച്ചു. വനംവകുപ്പിലെ വാച്ചറായിരുന്ന ബാബു പൊതുസമൂഹത്തിനും പരപ്പൻപാറ കോളനിക്കും ഇടയിലുള്ള പാലമായിരുന്നു. വലിയവെളുത്തയ്ക്കുശേഷം കോളനിയുടെ മൂപ്പനായിരുന്ന ചെറിയവെളുത്ത മരിച്ചത് എട്ടുമാസംമുമ്പാണ്. നെഞ്ചുവേദനയെത്തുടർന്ന് കുഴഞ്ഞുവീണായിരുന്നു മരണം.
പരപ്പൻപാറയിൽ അംഗബലം കൂടുതലുണ്ടായിരുന്ന വലിയവെളുത്തയുടെ കുടുംബത്തിൽ ഇനി രണ്ട് ആൺമക്കളും രണ്ടുപെൺമക്കളുമുണ്ട്. പന്ത്രണ്ട് കുടുംബങ്ങളിലായി അമ്പതോളംപേർ ഘോരവനത്തിൽ തുടരുന്നു; പുറംലോകത്തുനിന്നുള്ള വിളികൾക്കൊന്നും ചെവിയോർക്കാതെ.
തേൻശേഖരിക്കാൻ പോയ സംഘത്തിലെ യുവാവും പിഞ്ചുകുഞ്ഞും മരിച്ചു
വടുവൻചാൽ: വയനാട് - നിലമ്പൂർ അതിർത്തിയിലെ വനമേഖലയിൽ തേൻശേഖരിക്കാൻപോയ സംഘത്തിലെ പിഞ്ചുകുഞ്ഞടക്കം രണ്ടുപേർ മരിച്ചു. മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്തിലെ പരപ്പൻപാറ ചോലനായ്ക്ക സങ്കേതത്തിലെ പരേതനായ വലിയവെളുത്തയുടെ മകൻ രാജൻ (47), നിലമ്പൂർ കുമ്പളപ്പാറ കോളനിയിലെ സുനിലിന്റെയും കാടയുടെയും നാലുമാസം പ്രായമുള്ള മകൻ എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാവിലെ തേനെടുക്കുന്നതിനിടെ മരത്തിൽനിന്ന് ഏണി വഴുതി രാജൻ നിലത്തുവീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇതോടെ തേനീച്ചക്കൂടിളകി. തേനീച്ചയുടെ ആക്രമണം ഭയന്ന് സംഘത്തിലുണ്ടായിരുന്നവർ ഓടുന്നതിനിടെ അമ്മയുടെ െെകയിൽനിന്ന് തെറിച്ച് പുഴയിൽവീണാണ് കുഞ്ഞ് മരിച്ചത്. മരിച്ചവരുൾപ്പെടെ സംഘത്തിൽ എട്ടുപേരുണ്ടായിരുന്നു.
ശനിയാഴ്ച രാത്രിയിലാണ് ഇവർ കലക്കൻപുഴയയുടെ അടുത്ത് തേനെടുക്കാൻ പോയത്. രാത്രി ഈ ഭാഗത്ത് ശക്തമായ മഴയായിരുന്നു. പുഴയ്ക്കക്കരെ നിലമ്പൂർ വനമേഖലയിലെ കുമ്പളപ്പാറ കോളനിയിൽനിന്നെത്തിയ ഒരു കുടുംബമാണ് പരപ്പൻപാറയിലെ ആദിവാസികൾക്കൊപ്പം സംഘത്തിലുണ്ടായിരുന്നത്. കല്പറ്റ അഗ്നിരക്ഷാസേന അസി. സ്റ്റേഷൻ ഓഫീസർ പി.ഒ. വർഗീസിന്റെ നേതൃത്വത്തിൽ പോലീസ്, വനംവകുപ്പ്, പൾസ് എമർജൻസി ടീം, തദ്ദേശജനപ്രതിനിധികൾ, നാട്ടുകാർ എന്നിവർ ചേർന്നാണ് മൃതദേഹങ്ങൾ പുറത്തെത്തിച്ചത്. പോസ്റ്റുമോർട്ടത്തിനായി ബത്തേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Content Highlights: Honey bee attack - To death in vaduvanchal


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..