വട്ടിയൂർക്കാവ് മൂന്നാംമൂട്ടിലെ വീടിനുമുന്നിൽ വീട് വിൽക്കുന്നതിനുള്ളനറുക്കെടുപ്പ് കൂപ്പണുകൾ വീട്ടുടമസ്ഥ അന്ന കാണിക്കുന്നു
തിരുവനന്തപുരം: കടത്തിൽനിന്നു കരകയറാൻ നറുക്കെടുപ്പിലൂടെ വീട് വിൽക്കാനിറങ്ങിയ കുടുംബത്തിന് ലോട്ടറി വകുപ്പിന്റെ പൂട്ട്. നറുക്കെടുപ്പിലൂടെ വീട് വിൽക്കുന്നത് നിയമപരമായി ശരിയല്ലെന്നും ഇതു തടയണമെന്നും ലോട്ടറി വകുപ്പ് ജോയന്റ് ഡയറക്ടർ വട്ടിയൂർക്കാവ് പോലീസിനു നിർദ്ദേശം നൽകി. എന്നാൽ, വകുപ്പ് രേഖാമൂലം പോലീസിൽ പരാതി നൽകിയിട്ടില്ല.
ജോയന്റ് ഡയറക്ടറുടെ നിർദ്ദേശപ്രകാരം വട്ടിയൂർക്കാവ് പോലീസ്, വീട് വില്പനയ്ക്കു വച്ച അജോ-അന്ന ദമ്പതിമാരുടെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു. കേരള ബാങ്ക് ജഗതി ശാഖയിൽനിന്ന് വീട് വാങ്ങാനെടുത്ത വായ്പ അടയ്ക്കുന്നതു മുടങ്ങിയതോടെയാണ് ഇവർ പ്രതിസന്ധിയിലായത്. വായ്പസമയം നീട്ടിക്കിട്ടാൻ മന്ത്രിയെയടക്കം കണ്ടെങ്കിലും ബാങ്കിലെ ജീവനക്കാരിൽനിന്നുള്ള കടുത്ത സമ്മർദ്ദം കാരണമാണ് വീട് വിറ്റ് കടം തീർക്കാൻ ഇറങ്ങിയത്. അത്യാവശ്യക്കാരെന്നു കണ്ടതോടെ വിപണിവിലയിലും കുറച്ചു നൽകാനാണ് മിക്കവരും ശ്രമിച്ചത്.
ഇതിനൊരു പരിഹാരമെന്ന നിലയിലാണ് മൂന്നാംമൂട് ക്രിസ്തുരാജപുരം ദേവാലയത്തിലെ വികാരി അടക്കമുള്ളവരുടെ സഹായത്തോടെ നറുക്കെടുപ്പ് എന്ന ആശയം നടപ്പാക്കാൻ ശ്രമിച്ചത്. ഇതിനു തടസ്സവാദവുമായാണ് ലോട്ടറി വകുപ്പ് രംഗത്തെത്തിയിട്ടുള്ളത്. അക്കൗണ്ടന്റായിരുന്ന അജോയ്ക്ക് അപകടത്തിൽ കാഴ്ച പോയതോടെയാണ് ജോലി നഷ്ടമായത്. ഹോങ്കാങ്ങിൽ എൻജിനിയറായിരുന്ന അന്നയ്ക്ക് കോവിഡിനെ തുടർന്നാണ് പുതിയ ജോലി കണ്ടെത്താനാവാതെ വന്നത്.
സമ്മാന നറുക്കെടുപ്പ് നടത്താൻ ലോട്ടറി വകുപ്പിനു മാത്രമാണ് അവകാശം. ചിട്ടി നടത്താനുള്ള നിയമപ്രകാരം സമ്മാനം നൽകുന്നത് അനുവദിക്കാനാവില്ലെന്നും ലോട്ടറി വകുപ്പ് ജോയന്റ് ഡയറക്ടർ സുരേന്ദ്രൻ പറഞ്ഞു.
2000 രൂപയുടെ 3700 കൂപ്പണുകളാണ് അച്ചടിച്ചത്. വിറ്റുകിട്ടുന്ന തുകയിൽ 18 ലക്ഷത്തോളം രൂപ സർക്കാരിന് സമ്മാന നികുതി അടയ്ക്കണം. നൂറോളം കൂപ്പണുകൾ ഇതിനകം വിറ്റുപോയി. ഒക്ടോബർ 17-ന് ക്രിസ്തുരാജപുരം ദേവാലയത്തിലെ ഹാളിൽവെച്ച് വികാരിയുടെയും മറ്റ് പ്രമുഖരുടെയും നേതൃത്വത്തിൽ നറുക്കെടുപ്പ് നടത്താനായിരുന്നു തീരുമാനം.
Content Highlights: home sell by lottery - The lottery department says its not legal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..