അമിത് ഷാ നേരത്തെ കേരളത്തിൽ സന്ദർശനം നടത്തിയപ്പോൾ (ഫയൽ) |ഫോട്ടോ:പി.പി.രതീഷ്/മാതൃഭൂമി
തൃശ്ശൂര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് തൃശ്ശൂരിലെത്തും. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ മുന്നൊരുക്കമാണ് അമിത്ഷായുടെ സന്ദര്‍ശനമെന്നാണ് ബി.ജെ.പി. നേതൃത്വം പറയുന്നത്. നെടുമ്പാശ്ശേരിയില്‍നിന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ഹെലികോപ്റ്ററില്‍ തൃശ്ശൂര്‍ ശോഭാസിറ്റി ഹെലിപ്പാഡില്‍ എത്തുന്ന അമിത്ഷാ മൂന്ന് പരിപാടികളിലാണ് പങ്കെടുക്കുക.
രണ്ടിന് ശക്തന്‍തമ്പുരാന്‍ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന. മൂന്നിന് ജോയ്സ് പാലസില്‍ നേതൃയോഗം എന്നിവയ്ക്കുശേഷം വടക്കുന്നാഥക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. തുടര്‍ന്ന് നാലിന് തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന, അരലക്ഷംപേര്‍ പങ്കെടുക്കുന്ന പൊതുയോഗത്തെ അമിത്ഷാ അഭിസംബോധന ചെയ്യും. പൊതുയോഗത്തിനുശേഷം കാര്‍മാര്‍ഗം നെടുമ്പാശ്ശേരിയിലെത്തുന്ന അമിത്ഷാ ഡല്‍ഹിയിലേക്ക് തിരിച്ചുപോകും.
അമിത്ഷാ പങ്കെടുക്കുന്നത് തൃശ്ശൂര്‍ പാര്‍ലമെന്റ് മണ്ഡലം നേതൃയോഗത്തിലാണ്. കേരളത്തില്‍ ബിജെപി ഏറ്റവും പ്രധാന്യവും പ്രതീക്ഷയും അര്‍പ്പിക്കുന്ന മണ്ഡലമാണ് തൃശൂര്‍. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിരവധി ദേശീയ നേതാക്കള്‍ കേരളത്തിലെത്തുമെന്നും ബി.ജെ.പി. സംസ്ഥാന നേതൃത്വം പറഞ്ഞു.
ഓരോ പാര്‍ലമെന്റ് മണ്ഡലത്തിലും തിരഞ്ഞെടുപ്പ് മാനേജ് മെന്റ് കമ്മിറ്റിയായി. എല്ലാ മണ്ഡലങ്ങളിലും യോഗങ്ങള്‍ വിളിക്കും. കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കര്‍ എല്ലായിടത്തും സന്ദര്‍ശനം നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.
വൈകീട്ട് നാലിന് തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന പൊതുയോഗത്തിന് അര ലക്ഷം പേരെ പങ്കെടുപ്പിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.
നേരത്തെ ഈ മാസം അഞ്ചിന് നിശ്ചയിച്ചിരുന്ന അമിത് ഷായുടെ സന്ദര്‍ശനമാണ് ഇന്നത്തേക്ക് മാറ്റിയത്. ഹൈദരാബാദില്‍ നിന്നാണ് അമിത് ഷാ തൃശൂരിലേക്ക് വരുന്നത്. ഹൈദരാബാദിലെ നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി അക്കാദമിയില്‍ സിഐഎസ്എഫിന്റെ 54-ാമത് റൈസിംഗ് ഡേ പരേഡില്‍ ആഭ്യന്തരമന്ത്രി മുഖ്യാതിഥിയാണ്. രാജ്യത്തുടനീളമുള്ള വിവിധ സ്ഥലങ്ങളില്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശുപാര്‍ശ പ്രകാരം ഇതാദ്യമായാണ് സിഐഎസ്എഫ് ഡല്‍ഹിക്ക് പുറത്ത് റൈസിംഗ് ഡേ ആഘോഷങ്ങള്‍ നടത്തുന്നത്.
Content Highlights: Home Minister Amit Shah to visit Thrissur-bjp loksabha election
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..