ഹരിപ്പാട് : ഒറ്റയ്ക്ക് താമസിച്ചിരുന്ന മുന്‍ പ്രധാനാധ്യാപികയെ തെരുവുനായ കടിച്ചുകൊന്നു. ഹരിപ്പാട് പിലാപ്പുഴ വടേകാട്ട് വീട്ടില്‍ പരേതനായ പരമേശ്വരന്‍ നായരുടെ ഭാര്യ രാജമ്മ (87) ആണ് മരിച്ചത്. കൂട്ടുകിടക്കാനായി ദിവസേന എത്തുന്ന അയല്‍ക്കാരി രാത്രിയില്‍ എത്തിയപ്പോളാണ് ദേഹമാസകലം കടിയേറ്റ നിലയില്‍ വീടിന്റെ സമീപം കിടന്ന രാജമ്മയെ കണ്ടത്.

ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെ ആയിരുന്നു സംഭവം. പറമ്പില്‍ കൂട്ടിയിട്ടിരുന്ന കരിയിലയ്ക്കു തീ ഇടാന്‍ പോയപ്പോള്‍ തെരുവുനായ അക്രമിച്ചതാണെന്നാണ് കരുതുന്നത്. തലയുടെ പിന്‍ഭാഗത്തും കയ്യിലും ആഴത്തില്‍ കടിയേറ്റിട്ടുണ്ട്. 

വീടിന് പരിസരത്ത് മറ്റ് വീടുകള്‍ ഇല്ലാത്തതിനാല്‍ ആരും സംഭവം അറിഞ്ഞിരുന്നില്ല. രാത്രിയില്‍ എത്തി വാതിലില്‍ മുട്ടിയിട്ടും തുറക്കാഞ്ഞതിനെ തുടര്‍ന്ന് അയല്‍ക്കാരി സമീപവാസിയെ കൂട്ടി പരിസരത്ത് തിരഞ്ഞപ്പോഴാണ് പരിക്കേറ്റ നിലയില്‍ ബോധരഹിതയായി രാജമ്മയെ കണ്ടത്. നാട്ടുകാരുടെ സഹായത്തോടെ ഉടന്‍ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആരൂര്‍ എല്‍.പി സ്‌കൂളിലെ ഹെഡ്മിസ്ട്രസ് ആയിരുന്നു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. മക്കള്‍: ശ്രീകുമാര്‍, സന്ധ്യ, മിനി. മരുമക്കള്‍: ചന്ദ്രമോഹന ബാബു, മോഹന്‍ കുമാര്‍, അനിത.

Content Highlights: Home alone Retired Headmistress killed in street dog attack