ബോംബ് ഭീഷണി ഉണ്ടായതിനെത്തുടർന്ന് ജീവനക്കാരെ ഓഫീസുകളിൽനിന്നും പുറത്തേക്കിറക്കിയപ്പോൾ | Photo: സുധീർ മോഹൻ
കൊല്ലം: കൊല്ലം കളക്ടറേറ്റില്‍ ബോംബ് ഭീഷണി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12. 15നാണ് കത്തുവഴി ഭീഷണി സന്ദേശം എത്തിയത്. ഏഴിടങ്ങളില്‍ സ്‌ഫോടനം നടത്തുമെന്നായിരുന്നു ഭീഷണി. പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല.
കൊല്ലം കളക്ടറുടെ പേരില്‍ തപാല്‍മാര്‍ഗമാണ് ബോംബ് ഭീഷണിക്കത്ത് എത്തിയത്. കളക്ടറേറ്റില്‍ ഏഴിടങ്ങളില്‍ ബോംബ് വെച്ചിട്ടുണ്ടെന്നും അവ ഉച്ചയ്ക്ക് 2.20-നും 2.21-നും ഇടയില്‍ പൊട്ടിത്തെറിക്കുമെന്നും കത്തില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് പോലീസും ഫയര്‍ ഫോഴ്‌സും ബോംബ് സ്‌ക്വാഡും സ്ഥലത്തേക്ക് പാഞ്ഞെത്തി. തുടര്‍ന്ന് കളക്ടറേറ്റ് ഉദ്യോഗസ്ഥരെയും അവിടെ വിവിധ ആവശ്യങ്ങള്‍ക്ക് എത്തിച്ചേര്‍ന്നിരുന്ന പൊതുജനങ്ങളെയും പുറത്തേക്ക് മാറ്റിയ ശേഷം പരിശോധന ആരംഭിച്ചു. വിശദമായി നടത്തിയ പരിശോധനയില്‍ ബോംബോ മറ്റ് അസാധാരണസംഗതികളോ കണ്ടെത്താനായില്ല.
മുന്‍പും സമാനരീതിയില്‍ കളക്ടറേറ്റിലേക്ക് കത്തുകള്‍ എത്തിയിട്ടുണ്ട്. തുടര്‍ന്ന് എ.ഡി.എം. യോഗം വിളിക്കുകയും ഇത്തരം കാര്യങ്ങളില്‍ ഓഫീസിലുള്ള ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. പിന്നീട് കുറച്ചുകാലത്തേക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസില്‍നിന്നാണ് ഈ വ്യാജബോംബ് ഭീഷണി സന്ദേശം രജിസ്റ്റര്‍ ചെയ്ത് അയച്ചിട്ടുള്ളത്. ചന്ദനത്തോപ്പ് സ്വദേശിയായ ഒരാളുടെ പേരാണ് ഇതിലുള്ളത്. ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മുന്‍പ് കൊല്ലം കളക്ടറേറ്റില്‍ ബോംബ് സ്‌ഫോടനം നടന്നിട്ടുണ്ട്. അതിനാല്‍ തന്നെ ഇത്തരം സന്ദേശങ്ങള്‍ ലഭിക്കുന്ന പക്ഷം പോലീസും മറ്റു സംവിധാനങ്ങളും വിശദമായ പരിശോധന നടത്താറുണ്ട്. വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15 മുതല്‍ മൂന്നരവരെ കളക്ടറേറ്റില്‍നിന്ന് ജനങ്ങള്‍ക്ക് വിവിധ സേവനങ്ങള്‍ക്ക് മുടങ്ങുകയും ചെയ്തു.
Content Highlights: hoax bomb threat towards kollam collectorate
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..