കോഴിക്കോട്: ഹിമാചല്‍പ്രദേശിലെ പ്രളയത്തില്‍ ദുരിതമനുഭവിച്ച് കേരളത്തില്‍നിന്നുള്ള വിനോദസഞ്ചാരികളും. മണാലിയിലേക്ക് യാത്രതിരിച്ച 25-ഓളം മലയാളികളാണ് മണിക്കൂറുകളോളം വഴിയില്‍ കുടുങ്ങിയത്. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും കാരണം മണാലി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടതോടെയാണ് ഇവര്‍ പെരുവഴിയിലായത്. 

13 മണിക്കൂറോളം മാണ്ഡിക്ക് സമീപം നടുറോഡില്‍ കുടുങ്ങിപ്പോയെന്ന് എറണാകുളം സ്വദേശി ജിനീഷ് പി. രവി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ശനിയാഴ്ച രാത്രി എട്ടുമണിയോടെ ഡല്‍ഹിയില്‍നിന്ന് ബസിലാണ് ജിനീഷും മണാലിയിലേക്ക് യാത്രതിരിച്ചത്. ഞായറാഴ്ച രാവിലെ എട്ടുമണിയോടെ മണാലിയില്‍ എത്താനായിരുന്നു പദ്ധതി. എന്നാല്‍ കനത്തമഴയെ തുടര്‍ന്ന് റോഡില്‍ പലയിടത്തും മണ്ണിടിച്ചിലുണ്ടായതോടെ ഗതാഗതം തടസ്സപ്പെട്ടു. 

പുലര്‍ച്ചെ രണ്ടുമണിയോടെയാണ് മാണ്ഡിക്ക് സമീപമുള്ള ഒരു സ്ഥലത്ത് എത്തിയത്. ഇനി യാത്ര തുടരാനാകില്ലെന്ന് അറിയിച്ചതോടെ സ്ത്രീകളടക്കമുള്ള നിരവധിയാത്രക്കാര്‍ ബുദ്ധിമുട്ടിലായി. മറ്റു ബസുകളില്‍ വേറെയും മലയാളികളുണ്ടായിരുന്നു. ആവശ്യത്തിന് ഭക്ഷണവും വെള്ളവും ലഭിച്ചില്ല. ഒടുവില്‍ മണിക്കൂറുകള്‍ക്ക് ശേഷം സമീപത്തെ ക്ഷേത്രം അധികൃതരാണ് യാത്രക്കാര്‍ക്ക് ഭക്ഷണം നല്‍കിയതെന്നും ഇത് വലിയ ആശ്വാസമായെന്നും ജിനീഷ് പറഞ്ഞു. 

മണാലിയിലേക്ക് യാത്ര തുടരാനാകില്ലെന്ന് ഉറപ്പായതോടെ എല്ലാവരും തിരികെ യാത്രതിരിച്ചു. ചിലര്‍ അമൃത്സറിലേക്കും മറ്റുചിലര്‍ ജയ്പൂരിലേക്കുമാണ് ഇപ്പോള്‍ പോകുന്നതെന്നും നിലവില്‍ സുരക്ഷിതരാണെന്നും ജിനീഷ് പറഞ്ഞു. എറണാകുളം, കൊല്ലം, കോഴിക്കോട്, ജില്ലകളില്‍നിന്നുള്ളവരും ഇവരോടൊപ്പമുണ്ടായിരുന്നു. 

manali

ഹിമാചല്‍ പ്രദേശിലെ ഷിംല, കുളു, മാണ്ഡി തുടങ്ങിയ മേഖലകളിലാണ് കനത്തമഴയെ തുടര്‍ന്ന് വെള്ളപ്പൊക്കമുണ്ടായത്. മാണ്ഡിയിലെ പലപ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പലയിടത്തും റോഡ് ഒലിച്ചുപോയതിനാല്‍ ദേശീയ പാത അഞ്ചിലും മൂന്നിലും ഗതാഗതം നിരോധിച്ചു. കുളുവിലെ ബീസ് നദിക്ക് കുറുകെയുള്ള പാലം തകര്‍ന്നു. അയല്‍സംസ്ഥാനമായ ഉത്തരാഖണ്ഡിലും പ്രളയത്തിന്‍ വന്‍നാശനഷ്ടമാണുണ്ടായത്. ഉത്തരാഖണ്ഡില്‍ 18 പേരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്. 

Content Highlights: himachal pradesh heavy rain; malayali travelers stranded in kulu manali road