-
വളാഞ്ചേരി : ദേശീയപാത വികസനത്തിന് ഖബറിടം വിട്ടുകൊടുത്ത് മഹല്ല് കമ്മിറ്റി. വെട്ടിച്ചിറ ജുമാമസ്ജിദിന്റെ 50 സെന്റ് ഭൂമിയാണ് റോഡ് വികസനത്തിനായി വിട്ടുകൊടുത്തത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഖബറിടങ്ങൾ മാറ്റിസ്ഥാപിച്ചാണ് ഈ ആരാധനാലയവും അതിന്റെ അധികാരികളും മാതൃകയായത്.
ദേശീയപാതയോരത്ത് വളാഞ്ചേരിക്കും പുത്തനത്താണിക്കുമിടയിൽ വെട്ടിച്ചിറയിലെ ആദ്യകാല തറവാടായ അരീക്കാടൻ കുടുബം നൽകിയ വഖഫ് ഭൂമിയിലാണ് വെട്ടിച്ചിറ പള്ളി നിൽക്കുന്നത്. അരീക്കാടൻ ബാവ ഹാജി പ്രസിഡന്റും കെ.കെ.എസ്. തങ്ങൾ സെക്രട്ടറിയുമായ കമ്മിറ്റി എതിർപ്പൊന്നുമില്ലാതെ വികസനത്തിന് ഒപ്പംനിൽക്കുകയായിരുന്നു.
മഹല്ലിലെ 1100 കുടുംബങ്ങളുടെ യോഗം വിളിച്ച് ട്രഷറർ അബ്ദുൾജലീൽ സഖാഫി കാര്യങ്ങൾ വിശദീകരിച്ചു. അവർ കമ്മിറ്റിയുടെ തീരുമാനത്തെ പിന്തുണയ്ക്കുകയും ചെയ്തു.
പള്ളിക്ക് ദേശീയപാതയുടെ രണ്ടു വശങ്ങളിലും ഖബറിടങ്ങളുണ്ട്. അതിൽ 700 ഖബറിടങ്ങളാണ് ഭൂമി വിട്ടുനൽകുമ്പോൾ മാറ്റിസ്ഥാപിക്കേണ്ടിവരിക. ഇതിൽ ഇരുനൂറോളം പേരുടെ ഖബർ ഒരുമാസത്തിനിടെ ബന്ധുക്കളുടെ സ്വന്തംചെലവിൽ അവരുടെ ബന്ധുക്കളെ അടക്കംചെയ്തതതിനരികിലേക്ക് മാറ്റിസ്ഥാപിച്ചു. പഴക്കമുള്ളതും ബന്ധുക്കൾ ആരെന്നറിയാത്തതും പൊതുഖബറിടം നിർമിച്ച് അടക്കം ചെയ്യാനാണ് തീരുമാനം.
നാടിന്റെ വികസനത്തിന് ഭൂമി വിട്ടുകൊടുത്തതിൽ സന്തോഷമുണ്ട്. വിശ്വാസികൾ ഒരുമിച്ചെടുത്ത ഒരു തീരുമാനമാണ്. അതൊരു നല്ല കാര്യമല്ലേ -മുപ്പതുവർഷമായി പള്ളിക്കമ്മിറ്റിയുടെ പ്രസിഡന്റും മുതവല്ലിയുമായ അരീക്കാടൻ ബാവ ഹാജി പറഞ്ഞു.
വിട്ടുകൊടുത്ത ഭൂമിക്ക് 2.46 കോടി രൂപയാണ് നഷ്ടപരിഹാരത്തുക. വഖഫ് ബോർഡിന്റെ അക്കൗണ്ടിലേക്കാണ് തുക എത്തുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..