തിരുവനന്തപുരം: ഖാദി ബോർഡ് സെക്രട്ടറിയും അഴിമതിക്കേസ് പ്രതിയുമായ കെ.എ. രതീഷിന് ശമ്പളം വർധിപ്പിക്കാൻ ശുപാർശ ചെയ്തത് ശോഭന ജോർജ്. ജൂൺ 26-ന് വ്യവസായ വകുപ്പ് മന്ത്രിക്ക് നൽകിയ കത്തിലാണ് ഖാദി ബോർഡ് വൈസ് ചെയർപേഴ്സണായ ശോഭന ജോർജ്, രതീഷിന് ശമ്പളം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. കത്ത് കിട്ടിയപ്പോൾ ഇക്കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കാൻ മന്ത്രി ഇ.പി. ജയരാജൻ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശവും നൽകി. ഇതിന്റെ തുടർച്ചയായാണ് രതീഷിന് ശമ്പളം വർധിപ്പിച്ച് ഉത്തരവിറക്കിയത്.

ഇൻകെല്ലിന്റെ ഡയറക്ടറായിരിക്കെ മൂന്നര ലക്ഷം രൂപ ശമ്പളം വാങ്ങിയ ആളാണ് രതീഷെന്നും അതിനാൽ ഉയർന്ന ശമ്പളത്തിന് അർഹതയുണ്ടെന്നുമാണ് ശോഭന ജോർജ് കത്തിൽ പറഞ്ഞിരുന്നത്. കിൻഫ്ര എം.ഡി.യുടെ അതേ ശമ്പളം ഖാദി ബോർഡ് സെക്രട്ടറിക്ക് നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.

കോവിഡ് കാരണം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സമയത്താണ് രതീഷിന്റെ ശമ്പളം ഇരട്ടിയിലധികമാക്കി ഉത്തരവിറക്കിയത്. അഴിമതിക്കേസിൽ പ്രതിയായ ഉദ്യോഗസ്ഥന് ഖാദി ബോർഡിൽ നിയമനം നൽകിയതിന് പിന്നാലെ ശമ്പളം ഇരട്ടിയിലധികമായി വർധിപ്പിച്ചതും വിവാദമായിരുന്നു.

Content Highlights:higher salary for ka ratheesh shobana geroge sent letter to minister