പ്രതീകാത്മകചിത്രം | Photo: Getty Images
തിരുവനന്തപുരം: പ്രവാസികളുടെ യാത്രാ വിഷയത്തില്‍ ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍. ഉത്സവ, അവധിക്കാല സീസണുകളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്ക് വിമാന കമ്പനികള്‍ പലപ്പോഴും അമിതമായ ടിക്കറ്റ് നിരക്ക് ഈടാക്കുന്നുവെന്ന പ്രശ്‌നം ഏറെക്കാലമായി പ്രവാസികള്‍ ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണിത്. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് ഏതൊക്കെ തരത്തില്‍ ഇടപെടാനാകും എന്നതു സംബന്ധിച്ച് വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഉന്നതതല അവലോകനയോഗം ചേര്‍ന്നു.
ഗള്‍ഫ് മേഖലയില്‍ നിന്നും നാട്ടിലേയ്ക്കു വരുന്ന സാധാരണക്കാരയ പ്രവാസികള്‍ക്ക് സഹായകരമാകുന്ന തരത്തില്‍ വിമാനടിക്കറ്റ് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് നേരത്തേ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനായി ബജറ്റിലും തുക വകയിരുത്തിയിരുന്നു. ഇതിന്റെ തുടര്‍നടപടി എന്ന നിലയിലാണ് അവലോകനയോഗം ചേര്‍ന്നത്.
ഓണ്‍ലെനായി ചേര്‍ന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്, നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വന്ത് സിന്‍ഹ, ഗതാഗതവകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, സിയാല്‍ എം.ഡി. എസ്. സുഹാസ്, കിയാല്‍ എം.ഡി ദിനേഷ് കുമാര്‍, നോര്‍ക്ക റൂട്ട്‌സില്‍ നിന്നും റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂതിരി.കെ, ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി എന്നിവര്‍ സംബന്ധിച്ചു.
ഇന്ത്യയില്‍ നിന്നുളള വിമാനക്കമ്പനികളുടെ നിരക്കിനേക്കാള്‍ കുറവില്‍ ഗള്‍ഫില്‍ നിന്നും ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ ലഭ്യമാണോ എന്നത് പരിശോധിക്കും. ഇതിന്റെ ആദ്യപടിയായി വിമാനകമ്പനിയുമായി പ്രാഥമിക ചര്‍ച്ച നടത്താന്‍ യോഗത്തില്‍ തീരുമാനമായി. ഇതിനായി സിയാല്‍ എം.ഡി യേയും നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയേയും യോഗം ചുമതലപ്പെടുത്തി.
വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംവിധാനമുളള കമ്പനികളുമായാണ് ചര്‍ച്ച. പ്രാഥമിക ചര്‍ച്ചകള്‍ക്കു ശേഷം അനുമതിക്കായി കേന്ദ്രവ്യോമയാന മന്ത്രാലയത്തെ സമീപിക്കാനും യോഗത്തില്‍ തീരുമാനമായി. വിമാനസര്‍വീസുകള്‍ക്കു പുറമേ കപ്പല്‍മാര്‍ഗമുളള യാത്രാസാധ്യതകള്‍ സംബന്ധിച്ചും യോഗം വിലയിരുത്തി.
Content Highlights: Higher rates during festive season, government held a meeting
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..