കൊച്ചി: നാടാർ സംവരണത്തിനുള്ള സ്റ്റേ തുടരുമെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച്. സിംഗിൾ ബെഞ്ചിന്റെ സ്റ്റേ അടിയന്തിരമായി നീക്കണമെന്ന ആവശ്യമാണ് സർക്കാർ മുന്നോട്ട് വെച്ചത്. എന്നാൽ ഹൈക്കോടതി ഇത് നിരാകരിക്കുകയായിരുന്നു. സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്.

ക്രിസ്ത്യൻ നാടാർ വിഭാഗത്തെ ഒബിസിയിൽ ഉൾപ്പെടുത്തിയ സംസ്ഥാന സർക്കാർ നടപടിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. സർക്കാരിന്റേത് നിയമപരമായി നിലനിൽക്കുന്ന ഉത്തരവല്ലെന്നും നേരത്തെ ഇടക്കാല ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരേ സർക്കാർ അപ്പീൽ ഹർജി ഫയൽ ചെയ്യുകയായിരുന്നു.

സംവരണം താത്‌കാലികമായി തടഞ്ഞാണ് സിംഗിൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. മറാത്ത സംവരണ കേസുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. എന്നാൽ സുപ്രീംകോടതി ഉത്തരവ് വരുന്നതിന് മുൻപാണ് സംസ്ഥാന സർക്കാർ സംവരണത്തിന്റെ കാര്യത്തിൽ തീരുമാനമെടുത്തത് തുടങ്ങിയ കാര്യങ്ങളാണ് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സർക്കാർ എടുത്ത വലിയ രാഷ്ട്രീയ തീരുമാനങ്ങളിലൊന്നായിരുന്നു ക്രിസ്ത്യൻ നാടാർ വിഭാഗങ്ങളെ ഒബിസിയില്‍ ഉൾപ്പെടുത്തിയുള്ള ഉത്തരവ്.

Content Highlights:highcourt stayed christian nadar obc reservation