കൊച്ചി: വിഴിഞ്ഞം കരാര്‍ കൊണ്ട് സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടായെന്ന് വിശദീകരിക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
 
കരാര്‍ കൊണ്ട് സംസ്ഥാനത്തിനുണ്ടായ വാണിജ്യപരമായ നേട്ടങ്ങളും കോട്ടങ്ങളും എന്താണെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് നിര്‍ദേശിച്ച കോടതി എന്തിനാണ് ഏകപക്ഷീയമായി ഇത്തരമൊരു കരാര്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടതെന്നും ചോദിച്ചു. 

വിഴിഞ്ഞം കരാര്‍ സംസ്ഥാന താത്പര്യങ്ങള്‍ എതിരാണെന്ന സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കൊല്ലം സ്വദേശി എന്‍.കെ.സലീം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഗൗരവകരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. 

വിഴിഞ്ഞം കരാര്‍ സംസ്ഥാനതാത്പര്യങ്ങള്‍ക്കെതിരാണെന്ന സിഎജിയുടെ കണ്ടെത്തലുകളെക്കുറിച്ച് കമ്മീഷനെ വച്ച് അന്വേഷണം നടത്തിയ സര്‍ക്കാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരിക്കണം

ആദ്യ നാല്‍പ്പത് വര്‍ഷം കൊണ്ട് കേരളത്തിന് കാര്യമായ ഗുണമില്ലെന്നും കേരളത്തിന്റെ ഭാവി തുലാസിലാക്കുന്ന കരാറാണിതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. 

ഇതേക്കുറിച്ചുള്ള വിശദമായ മറുപടി ഈ മാസം 25-ന് നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.