കൊച്ചി: ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയായി കുറച്ചതില്‍ ഹൈക്കോടതി ഇടപെടല്‍. സര്‍ക്കാര്‍ നടപടി റദ്ദാക്കിയ കോടതി, നിരക്ക് പുന:പരിശോധിക്കാനും സര്‍ക്കാരിനോട് നിര്‍ദേശിച്ചു. സേവനം നിഷേധിക്കുന്ന ലാബുകള്‍ക്കെതിരെ നടപടി എടുക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശവും കോടതി റദ്ദാക്കി.

സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയായി സര്‍ക്കാര്‍ കുറച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് ലാബ് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. 

ലാബുകളുമായി ചര്‍ച്ചചെയ്ത് ഇരുകൂട്ടര്‍ക്കും യോജിക്കാന്‍ കഴിയുന്ന തരത്തില്‍ നിരക്ക് നിശ്ചയിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഏകപക്ഷീയമായി സര്‍ക്കാരിന് ഒരു തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയായി കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരിക്കുന്നത്.

ഉയര്‍ന്ന നിരക്ക് ഈടാക്കിക്കൊണ്ട് പരിശോധന നടത്തുന്ന സ്വകാര്യ ലാബുകള്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടി എടുക്കണമെന്ന ഉത്തരവും സര്‍ക്കാര്‍ ഇറക്കിയിരുന്നു. ഈ ഉത്തരവും ഹൈക്കോടതി റദ്ദാക്കി. ഇതോടെ സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കൂടും. 

Content Highlights: Highcourt quashes government's decesion to decrease rtpcr test rates