കോഴിക്കോട്: കെ.എം. ഷാജിക്കെതിരെ ഹൈക്കോടതി വിധിയോടെ കേസില്‍ അന്തിമതീരുമാനമായെന്ന് പറയാന്‍ കഴിയില്ലെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും, ഷാജിയെ അയോഗ്യനാക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.എം. ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിയെക്കുറിച്ച് മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

കേസില്‍ ഷാജിയുടെ നിരപരാധിത്വം ഹൈക്കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല. സ്ഥാനാര്‍ഥിയുടെ പേരില്‍ മറ്റാരൊക്കെയോ അച്ചടിച്ച് വിതരണം ചെയ്ത നോട്ടീസായിരുന്നു അത്. എന്നാല്‍ ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്താനായില്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഹൈക്കോടതിയെ വിധിയെ സംബന്ധിച്ച് വിശദമായി പഠിച്ചശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.