കൊച്ചി : എറണാകുളം-അങ്കമാലി അതിരൂപത ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍.ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാന്‍ വൈകിയതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചതിന് ശേഷം നിയമോപദേശം തേടിയത് എന്തിനാണെന്നും ആരുടെ നിര്‍ദേശപ്രകാരമെന്നും ജസ്റ്റിസ് കെമാല്‍പാഷ ചോദിച്ചു. ഇക്കാര്യത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നാളെ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഹൈക്കോടതി ഉത്തരവ് പുറത്തുവന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും കര്‍ദിനാളിനെതിരെ കേസെടുക്കാത്തതിനെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

സംഭവം വിവാദമായതിനത്തുടര്‍ന്ന് തിങ്കളാഴ്ചയാണ് കര്‍ദിനാളിനെതിരെ പോലീസ് കേസെടുത്തത്. കര്‍ദിനാളിനെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടും പോലീസ് കേസെടുക്കാതിരുന്നത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കര്‍ദിനാളിനും സഹപ്രവര്‍ത്തകര്‍ക്കും നിമയനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ കോടതിയില്‍ പോകാന്‍ പോലീസ് അവസരം നല്‍കുന്നുവെന്നായിരുന്നു പ്രധാന ആക്ഷേപം.