തിരുവനന്തപുരം: കേരളം, കര്‍ണാടക, തമിഴ്‌നാട്, ലക്ഷദ്വീപ് തീരത്ത് ഒക്ടോബര്‍ 18 രാത്രി 11.30 വരെ ഉയര്‍ന്ന തിരമാല ഉണ്ടാവാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പ്. രണ്ടര മീറ്റര്‍ മുതല്‍ 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യത ഉള്ളതായി ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

കേരളത്തിന്‍റെ തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും അറിയിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും മുന്നറിയിപ്പുണ്ട്. 

ഒക്ടോബര്‍ 17 മുതല്‍ 21 വരെ  കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്,  മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ 17, 20, 21 തീയതികളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. 

Content Highlights: High tide alert Kerala, Kerala Heavy Rain 2021, Kerala Flood 2021