കൊച്ചി/കരിപ്പൂര്‍: കേരളത്തില്‍ മടങ്ങിയെത്തിയ പ്രവാസികളില്‍ കൊച്ചിയില്‍ അഞ്ചുപേരെയും കരിപ്പൂരില്‍ മൂന്നുപേരെയും ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് അബുദാബിയില്‍ നിന്നുള്ള വിമാനം നെടുമ്പാശ്ശേരിയില്‍ എത്തിയത്. മടങ്ങിയെത്തിയ പ്രവാസികളെ പരിശോധനയ്ക്ക് വിധേയമാക്കിയാണ് പുറത്തെത്തിച്ചത്. അബുദാബിയില്‍ നിന്നെത്തിയ ആദ്യ സംഘത്തിലെ അഞ്ചു പേരെ രോഗ സംശയത്തെത്തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റി. തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ താപനില കൂടുതലായി കണ്ടതിനെത്തുടര്‍ന്നാണ് ഇവരെ ആലുവ ജില്ലാ ആസ്പത്രിയിലേക്ക് മാറ്റിയത്. അഞ്ചുപേരില്‍ കണ്ണൂര്‍ സ്വദേശിയായ ഒരാളുടെ സുഹൃത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അഞ്ചു ആംബുലന്‍സുകളിലായാണ് ഇവരെ വിമാനത്താവളത്തില്‍ നിന്ന് കളമശ്ശേരിക്കു കൊണ്ടു പോയത്. പരിശോധനകള്‍ക്കു ശേഷം വ്യാഴാഴ്ച അര്‍ധരാത്രി 12 മണിയോടെയാണ് ഇവരെ പുറത്തെത്തിച്ചത്. നേരത്തെ അബുദാബി വിമാനത്താവളത്തിലെ പരിശോധനയില്‍ ഇവര്‍ക്കു കുഴപ്പമൊന്നും കണ്ടിരുന്നില്ല. 

നിരീക്ഷണത്തില്‍ കഴിയാന്‍ താല്പര്യം പ്രകടിപ്പിച്ച 17 പേരെ കളമശ്ശേരിയിലെ എസ് സി എം എസിലെ നിരീക്ഷണത്തിലേക്ക് കൊണ്ടുവന്നത്. അതില്‍ കണ്ണൂര്‍ സ്വദേശിനിയായ ഒരു ഗര്‍ഭിണിയുമുണ്ട്. അവരെ ഇന്ന് കണ്ണൂരിലേക്ക് അയക്കും. 

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടത് മൂന്നുപേര്‍ക്ക്. രാത്രി ഒന്നുവരെ നടന്ന പരിശോധനയിലാണ് മൂന്നുപേരെ ഐസൊലേഷനിലേക്ക് മാറ്റിയത്. രണ്ടുപേര്‍ മലപ്പുറം സ്വദേശികളും ഒരാള്‍ വയനാട് സ്വദേശിയുമാണ്. വൃക്കരോഗത്തിന് ചികിത്സയിലിരിക്കുന്ന മലപ്പുറം സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും, ചുമയുള്ള മറ്റൊരു മലപ്പുറം സ്വദേശിയേയും പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയനാട് സ്വദേശിയേയും മഞ്ചേരി മെഡിക്കല്‍ കോളേജിലേക്കുമാണ് മാറ്റിയത്.

കൊച്ചിയിലെത്തിയ യാത്രക്കാരില്‍ 49 ഗര്‍ഭിണികളും നാല് കുട്ടികളുമുണ്ട്. 30 പേര്‍ മരണാനന്തര ചടങ്ങുകള്‍ക്കെത്തിയവരാണ്. മെഡിക്കല്‍ എമര്‍ജന്‍സിയില്‍ 16 പേരുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയവരില്‍ 85 പേര്‍ക്ക് വീടുകളില്‍ത്തന്നെ നിരീക്ഷണം അനുവദിച്ചെന്ന് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. ഇതില്‍ 51 പേര്‍ അടിയന്തര ചികിത്സയ്ക്കാണു വരുന്നത്. 19 ഗര്‍ഭിണികള്‍, 75 വയസ്സിനു മുകളിലുള്ള ആറുപേര്‍, കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ടുമായെത്തിയ രണ്ടുപേര്‍ എന്നിവരെയും സ്വയം നിരീക്ഷണത്തില്‍ വീടുകളിലേക്ക് പോകാനനുവദിച്ചു. 

Content Highlights: High Temperature ; Five NRIs in Kochi, three in Karipur quarantined