തിരുവനന്തപുരം: കോവിഡ് അവശ്യ വസ്തുകൾക്ക് അമിത വില ഈടാക്കുന്നത് തടയാൻ സർക്കാർ കർശന നടപടികളിലേക്ക് കടക്കുന്നു. അവശ്യവസ്തുനിയന്ത്രണ നിയമം നടപ്പാക്കുന്നതിന് ലീഗൽ മെട്രോളജി വകുപ്പിന് അധികാരം നൽകും. ഉത്തരവിലെ ന്യൂനത പരിഹരിക്കാനുള്ള സർക്കാർ നോട്ടിഫിക്കേഷൻ ഉടൻ പുറത്തിറങ്ങും. ഇതോടെ ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ്, ആരോഗ്യ വകുപ്പുകൾ സംയുക്തമായി പരിശോധ നടപടിയിലേക്ക് കടക്കും.

കോവിഡ് പ്രതിരോധത്തിന് ആശ്രയിക്കുന്ന മാസ്ക്ക്, സാനിറ്റൈസർ, പിപിഇ കിറ്റ് അടക്കം 15 അവശ്യവസ്തുക്കളുടെ വില നിശ്ചയിച്ച് സിവിൽസപ്ലൈസ് വകുപ്പ് ഈ മാസം 14-ന് ഉത്തരവിറക്കിയിരുന്നു. എന്നാൽ ഓക്സീമീറ്റർ അടക്കം ലഭ്യതകുറഞ്ഞ വസ്തുക്കൾക്ക് അനിയന്ത്രിതമായ വിലകയറ്റമാണ് വിപണിയിൽ. ഇത്തരം വസ്തുക്കൾക്ക് വ്യാപാരികൾ അമിതവിലചുമത്തുകയാണ് എന്ന പരാതി വ്യാപകമായതോടെ വിപണിയിലെ ചൂഷണം ഇന്നലെ മന്ത്രിസഭ യോഗത്തിൽ ചർച്ചയായി.

ഇതേ തുടർന്ന് അവശ്യ വസ്തു നിയന്ത്രണ നിയമപ്രകാരം കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി ഭക്ഷ്യവകുപ്പിനോട് ആവശ്യപ്പെട്ടു. വിലനിശ്ചയിച്ച് ഉത്തരവിറക്കിയിരുന്നെങ്കിലും ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ചുമതലപ്പെട്ട ലീഗൽ മെട്രോളജി വകുപ്പിന് അധികാരം നൽകി നോട്ടിഫൈ ചെയ്തിരുന്നില്ല. ഈ നിയമപ്രശ്നം നിലനിൽക്കുന്നത് പരിഹരിച്ച് പ്രത്യേക വിജ്ഞാപനം പുറത്തിറക്കും.

നേരത്തെ വിലനിശ്ചയിച്ച് പുറത്തിറക്കിയ ഉത്തരവ് പ്രകാരം സിവിൽ സപ്ലൈസ് പരിശോധന വിഭാഗത്തിനും ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഡ്രഗ്സ് കൺട്രോളർക്കും മാത്രമേ നടപടി എടുക്കാനാകൂ. രണ്ട് വിഭാഗങ്ങളും കോവിഡ് പ്രതിരോധത്തിലും ഭക്ഷ്യ വിതരണത്തിന്റെയും തിരക്കുകളിലുമാണ്. ഈ സാഹചര്യത്തിലാണ് കേരള അവശ്യവസ്തു നിയന്ത്രണ നിയമംപ്രകാരം ലീഗൽ മെട്രോളജി വകുപ്പിനെ അധികാരപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്.

നോട്ടിഫിക്കേഷന് വേണ്ട നിർദേശം നിയമവകുപ്പിൽ നിന്ന് സർക്കാരിന് ലഭിച്ചു. ലീഗൽ മെട്രോളജി വിഭാഗത്തിന് പരിശോധനയ്ക്ക് അധികാരം ലഭിക്കുന്നതോടെ അമിതവില കണ്ടെത്താൻ മൂന്ന് വിഭാഗങ്ങളും സംയുക്തമായ പരിശോധന തുടങ്ങും. ലീഗൽ മെട്രോളജി വിഭാഗം പരിശോധന നടത്തുന്നത് കർശനമായ ഇടപെടലിന് വഴിയൊരുക്കും. ആരോഗ്യ, സിവിൽ സപ്ലൈസ് വകുപ്പുകൾക്ക് പാക്കേജ് കമ്മോഡിറ്റി നിയമപ്രകാരമുള്ള പരിശോധന മാത്രമേ സാധ്യമാകു.എന്നാൽ പാക്കേജ് കമ്മോഡിറ്റി നിയമപ്രകാരമുള്ള പരിശോധനയേക്കാൾ കർക്കശ ഇടപെടൽ ലീഗൽ മെട്രോളജി വകുപ്പിന് സാധ്യമാകും.

നോട്ടിഫിക്കേഷന് മുൻപ് തന്നെ കോവിഡ് പ്രതിരോധ വസ്തുക്കളുടെ അമിതവില കണ്ടെത്താൻ സംസ്ഥാന വ്യാപകമായി പരിശോധന നടത്താൻ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ ലീഗൽ മെട്രോളജി വകുപ്പിന് നിർദേശം നൽകി. കോവിഡ് അവശ്യവസ്തുക്കളുടെ അമിത വില പരിശോധിക്കാൻ പോലീസ് സ്പെഷ്യൽ ബ്രാഞ്ചിനും സർക്കാർ നിർദേശമുണ്ട്.

Content Highlights:high price for covid treatment and protection products government taking strong action