തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി അടക്കമുള്ള വിഷയങ്ങളില്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ ഗവര്‍ണറുടെ സുരക്ഷ വര്‍ധിപ്പിച്ചു. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വേണ്ടി ബുധനാഴ്ച മുതല്‍ ഏര്‍പ്പെടുത്തിയത്. 

സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്ഭവനും പരിസരവും പ്രത്യേക സുരക്ഷാ മേഖലയാക്കിയും മാറ്റി. ഇത് വ്യക്തമാക്കുന്ന ബോര്‍ഡും രാജ്ഭവന് മുന്നില്‍ സ്ഥാപിച്ചു. സുരക്ഷയ്ക്ക് മാത്രം അമ്പതോളം ഉദ്യോഗസ്ഥരാണ് ഇനിമുതല്‍ ഗവര്‍ണര്‍ക്കൊപ്പം ഉണ്ടാവുക. 

നേരത്തെ ഇസഡ് കാറ്റഗറിയിലാണ് ഗവര്‍ണര്‍ക്ക് സുരക്ഷ ഒരുക്കിയിരുന്നത്. എന്നാല്‍ പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ അദ്ദേഹത്തിനെതിരെ സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധങ്ങളുണ്ടായിരുന്നു. ഗവര്‍ണര്‍ പങ്കെടുത്ത ചടങ്ങുകളില്‍ തുടര്‍ച്ചയായി കരിങ്കൊടി പ്രതിഷേധവും അരങ്ങേറി. ഈ സാഹചര്യത്തിലാണ് ഗവര്‍ണറുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനമായത്. 

Content Highlights: high level security for kerala governor, z plus category security implemented for governor arif mohammed khan