കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് നഗരത്തിലുണ്ടായ വെള്ളക്കെട്ടിന്റെ പശ്ചാത്തലത്തില്‍ കൊച്ചി നഗരസഭയ്‌ക്കെതിരെ വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി. വെള്ളക്കെട്ട് നീക്കാന്‍ നഗരസഭ എന്താണ് ചെയ്തതെന്ന് ചോദിച്ച കോടതി വിഷയത്തില്‍ മുഖ്യമന്ത്രിയുടേയും സര്‍ക്കാരിന്റേയും ഇടപെടലുകള്‍ അഭിനന്ദനീയമാണെന്നും ചൂണ്ടിക്കാട്ടി. 

നഗരത്തിലെ വെള്ളക്കെട്ട് നീക്കാന്‍ നഗരസഭ എന്താണ് ചെയ്തത്, മുഖ്യമന്ത്രി ഇടപെട്ടതുകൊണ്ടാണ് കളക്ടര്‍ രംഗത്തിറങ്ങിയത്. ഇല്ലെങ്കില്‍ എന്താവുമായിരുന്നു നഗരത്തിന്റെ അവസ്ഥയെന്ന് കോടതി ചോദിച്ചു. അതേസമയം വേലിയേറ്റം കാരണം വെള്ളക്കെട്ടുണ്ടായതെന്ന കൊച്ചി മേയര്‍ സൗമിനി ജെയിനിന്റെ പ്രതികരണം ഹൈക്കോടതി തള്ളി. ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ അടിസ്ഥാന രഹിതമാണ്. ഓടകളിലെ തടസം നീക്കിയപ്പോള്‍ വെള്ളക്കെട്ട് മാറിയത് നഗരസഭ കണ്ടോ എന്ന് കോടതി ചോദിച്ചു.

കോടതി ഇന്നലെ സംസാരിച്ചത് ജനങ്ങള്‍ക്ക് വേണ്ടിയാണ്. അതില്‍ അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തേണ്ട ആവശ്യമില്ല, വെള്ളക്കെട്ട് നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി ജില്ലാ കളക്ടറെ അധ്യക്ഷനാക്കി ഒരു ദൗത്യസംഘം രൂപീകരിച്ചുകൂടേയെന്നും കോടതി ചോദിച്ചു.

കൊച്ചിയിലെ വെള്ളക്കെട്ട് ഒഴിവാക്കാനായി എന്തൊക്കെ ചെയ്യാനാവുമെന്ന് കാണിച്ച് വിശദമായി റിപ്പോര്‍ട്ട് നല്‍കാന്‍ അഡ്വക്കേറ്റ് ജനറലിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. രാവിലെ സമര്‍പ്പിച്ച് റിപ്പോര്‍ട്ടിന്മേലാണ് നഗരസഭയ്‌ക്കെതിരെ കോടതി വീണ്ടും വിമര്‍ശനമുന്നയിച്ചത്. വെള്ളക്കെട്ട് വിഷയത്തില്‍ അടിയന്തര പരിഹാരമുണ്ടാവുമെന്ന് സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ കോടതിക്ക് ഉറപ്പ് നല്‍കി. 

വെള്ളക്കെട്ടിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസവും കൊച്ചി നഗരസഭയ്‌ക്കെതിരെ ഹൈക്കോടതി രൂക്ഷമായ വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും കോടതിയുടെ രൂക്ഷമായ പരാമര്‍ശങ്ങള്‍.

Content Highlights: High Court Of Kerala, Kochi Corporation,water logging in kochi