കൊച്ചി: വിദ്യാലയങ്ങളില്‍ രാഷ്ട്രീയ സമരം വേണ്ടെന്ന് ഹൈക്കോടതി. നിരാഹാര സമരം, പിക്കറ്റിങ് എന്നിവ നടക്കുന്നില്ലെന്ന് പോലീസ് ഉറപ്പുവരുത്തണമെന്നും കോടതി പറഞ്ഞു. കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ പുറത്താക്കാം എന്ന് കോടതി വ്യക്തമാക്കി.

രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തുന്ന വിദ്യാര്‍ഥികള്‍ പഠനം നിര്‍ത്തി പോകണം. രാഷ്ട്രീയമായി സംഘടിച്ച് സമരം ചെയ്യുന്നവരെ വിദ്യാഭ്യാസ സ്ഥാപന മേധാവിക്ക് പുറത്താക്കാം. ഇത്തരം സമരങ്ങളിലൂടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

കലാലയ രാഷ്ട്രീയം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ഭാഗത്തുനിന്ന് ഇത്തരമൊരു ഉത്തരവുണ്ടായത്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉത്തരവ് പുറത്തിറങ്ങിയത്.