കൊച്ചി: കെ.എം ഷാജി എം.എല്‍.എയെ അയോഗ്യനാക്കിയ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. ഷാജിയുടെ ഹര്‍ജി പരിഗണിച്ചാണ് കര്‍ശന ഉപാധികളോടെ രണ്ടാഴ്ചത്തേക്ക് സ്റ്റേ അനുവദിച്ചത്. സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനുള്ള സാവകാശം നല്‍കുന്നതിനാണിത്.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി എതിര്‍സ്ഥാനാര്‍ഥി എം.വി നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഷാജിയെ അയോഗ്യനാക്കിക്കൊണ്ടുള്ള വിധി ജസ്റ്റിസ് പി.ഡി രാജന്‍ പുറപ്പെടുവിച്ചത്. ആറുവര്‍ഷത്തേക്കാണ് അയോഗ്യത കല്‍പ്പിച്ചിട്ടുള്ളത്.

മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായിരുന്ന ഷാജി വോട്ടു നേടാന്‍ വര്‍ഗീയ പ്രചരണം നടത്തിയെന്നാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആയിരുന്ന നികേഷ് കുമാര്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. ഷാജിയെ അയോഗ്യനാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമായിരുന്നു നികേഷ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷിന്റെ ആവശ്യം കോടതി തള്ളി. പകരം തിരഞ്ഞെടുപ്പ് നടത്താന്‍ നിര്‍ദ്ദേശിച്ചു. 

അയോഗ്യനാക്കിയ വിധിക്ക് സ്റ്റേ ലഭിച്ചത് സ്വാഭാവിക നടപടിയാണെന്ന് എം വി നികേഷ് കുമാര്‍ പ്രതികരിച്ചു.

content highlights: high court stays k m shaji's disqualification