തിരുവനന്തപുരം: കുഞ്ഞിനെ വിട്ടുകിട്ടാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അനുപമ. എസ്. ചന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി സ്വീകരിക്കാനാവില്ലെന്ന് കോടതി. നിയമവിരുദ്ധമായി ആരെങ്കിലും കുട്ടിയെ കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണെന്ന് പറയാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ദത്ത് വിവാദവുമായി ബന്ധപ്പെട്ട തര്‍ക്ക വിഷയം കുടുംബ കോടതിയുടെ പരിഗണനയിലാണ്. അതിനിടയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നിലനില്‍കുമോ എന്ന നിയമപരമായ ചോദ്യമാണ് ഹൈക്കോടതി ഉന്നയിച്ചത്. ഹര്‍ജി പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ ഹര്‍ജി തള്ളുമെന്നും ഹൈക്കോടതി വ്യക്തമാക്കി. തുടര്‍ന്നാണ് ഹര്‍ജി പിന്‍വലിക്കാന്‍ കോടതി സമയം അനുവദിക്കുകയും ചെയ്തു. 

2020 ഒക്ടോബറിലാണ് കുഞ്ഞിന് ജന്മം നല്‍കിയതെന്നും മാതാപിതാക്കളായ ജയചന്ദ്രനും സ്മിത ജയിംസും ചേര്‍ന്ന് കുഞ്ഞിനെ എടുത്തുകൊണ്ടു പോയെന്നും അനുപമ സമർപിച്ച ഹര്‍ജിയില്‍ പറയുന്നു. കുഞ്ഞിനെ വിട്ടുകിട്ടാന്‍ അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കുഞ്ഞിനെ ഹാജരാക്കാന്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍, പേരൂര്‍ക്കട സി.ഐ. എന്നിവര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Content Highlights: High Court rules Anupama's habeas corpus petition cannot be accepted